എലിക്കുളം: സൈക്കിള്‍ മോഷണം പോയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയില്‍ നിന്ന് പുതിയ സൈക്കിള്‍ സമ്മാനമായി ലഭിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ കുഞ്ഞു ജസ്റ്റിനും കുടുംബത്തിനും ഇരട്ടിമധുരവുമായി അഭയം പ്രവര്‍ത്തകര്‍. മോഷണം പോയ സൈക്കിളിന് പകരം പുതിയത് കിട്ടിയതോടെ ജസ്റ്റിന് ഹാപ്പിയായി. എന്നാല്‍ ഇപ്പോഴിതാ ജസ്റ്റിന്റെ അച്ഛന് സുനീഷിന് പുതിയ വീല്‍ചെയര്‍ ലഭിച്ചതോടെ ഇരട്ടി സന്തോഷത്തിലാണ് ഈ കുടുംബവും.
ജസ്റ്റിന്റെ പിതാവ് ഉരുളികുന്നം കണിച്ചേരില്‍ സുനീഷ് ജോസഫിന് സഞ്ചരിക്കാന്‍ അഭയം ചാരിറ്റബിള്‍ സൊസൈറ്റിയാണ് പുതിയ വീല്‍ചെയര്‍ നല്‍കിയത്. കഴിഞ്ഞ ദിവസം അഭയം വീല്‍ചെയര്‍ നല്‍കിയെങ്കിലും സുനീഷിന് ഉപയോഗിക്കാന്‍ പറ്റില്ലായിരുന്നു. ഇതോടെയാണ് കിടന്നു സഞ്ചരിക്കാന്‍ പാകത്തിലുള്ള വീല്‍ചെയര്‍ നല്‍കിയത്.
വീല്‍ചെയര്‍ സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന് കൈമാറി. അഭയം സെക്രട്ടറി ഏബ്രഹാം തോമസ്, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി, സിപിഎം ലോക്കല്‍ സെക്രട്ടറി കെസി സോണി, അഭയം പ്രവര്ത്തകന് വിഎം പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
ടൈല്‍സ് ഫാക്ടറി നടത്തുന്ന ഇളങ്ങുളം വേഴമ്പശേരില്‍ സെബിന് ഈപ്പന് സുനീഷിനു വീട്ടുമുറ്റത്തു വീല്‍ചെയര്‍ ഉപയോഗിക്കാന്‍ പാകത്തില്‍ മുറ്റത്ത് ഇന്റര്‍ലോക്ക് കട്ട പാകി നല്കി. 8000 രൂപയോളം ചെലവുള്ള ജോലി ഇദ്ദേഹം സൗജന്യമായാണ് ചെയ്തു നല്‍കിയത്.