ഇളംകാട്: കുടുംബവഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ പൂട്ടിയിട്ടതിന് ഭര്‍ത്താവും മകനും അറസ്റ്റില്‍. ഇളംകാട് കൊടുങ്ങ വയലില്‍ ജെസി (65) ആണ് വീടിനുള്ളില്‍ ബന്ധിക്കപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് വര്‍ക്കി, മകന് ജെറിന് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഭര്‍ത്താവ് വീടിനുള്ളില്‍ പൂട്ടിയിട്ടുവെന്ന് ജെസി പഞ്ചായത്ത് അംഗത്തെ ഫോണില്‍ വിളിച്ച് അറിയിച്ചു. ഇന്നലെ വൈകിട്ടോടെയാണ് പഞ്ചായത്ത് അംഗത്തിന് ഫോണില്‍ വിവരം ലഭിക്കുന്നത്. ഉടന്‍തന്നെ പഞ്ചായത്തംഗം സിന്ധു മുരളി, പഞ്ചായത്ത് പ്രസിഡന്റ് പിഎസ് സജിമോന്‍ എന്നിവരുടെ നേത്യത്വത്തില്‍ ജില്ലാ കളക്ടര്‍, പോലിസ് എന്നിവരെ വിവരം അറിയിച്ചു.
തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്താനത്തിലാണ് നടപടി. രണ്ട് നിലകളുളള വീട്ടില്‍ താഴത്തെ നിലയിലാണ് ജെസി താമസിച്ചിരുന്നത്. വീടിന്റെ ഗേറ്റ് കമ്പി ഉപയോഗിച്ച് വൈദ്യുതി കണക്ഷന് കൊടുത്ത നിലയിലായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നു പോലീസ് അറിയിച്ചു.