എഴുകോണ്‍: പനിയുടെ ലക്ഷണങ്ങളുമായി കടത്തിണ്ണയില്‍ കുഴഞ്ഞുവീണ വയോധികനെ കൊവിഡ് ഭീതിയില്‍ ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ തുണയായി എത്തിയത് പഞ്ചായത്ത് പ്രസിഡന്റും പൊതു പ്രവര്‍ത്തകനും.
എഴുകോണ്‍ മണ്ണാറഴികത്ത് ഭാഗം ശിവദാസനെ(80)യാണു പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിലും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പിഡി ദിശാന്തും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു ജീവന് രക്ഷിച്ചത്.
ഭാര്യ മരിച്ച ശേഷം ഒറ്റപ്പെട്ടു കഴിയുന്ന ശിവദാസന്‍ ഇന്നലെ രാവിലെ 9 മണിമുതല്‍ എഴുകോണ്‍ ജംഗ്ഷനിലെ കടത്തിണ്ണയില്‍ ഇരിക്കുകയായിരുന്നു. പനിയുടെ ലക്ഷണവും ചുമയും ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞതോടെ കുഴഞ്ഞു വീണു. പക്ഷേ കൊവിഡ് ഭീതി കാരണം ആരും അടുത്തില്ല.
4 മണിക്കൂറോളം കടത്തിണ്ണയില്‍ കഴിച്ചുകൂട്ടേണ്ടി വന്നു. പിന്നീട് വിവരം അറിഞ്ഞു രതീഷ് കിളിത്തട്ടിലും ദിശാന്തും എത്തി പിപിഇ കിറ്റ് ധരിച്ച് ഇദ്ദേഹത്തെ ആംബുലന്‍സില്‍ പ്ലാക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്നു കണ്ടതിനാല്‍ മരുന്നുകള്‍ നല്കി മടക്കി അയച്ചു. തടര്‍ന്ന് ഭക്ഷണവും വാങ്ങി നല്‍കിയാണ് ശിവദാസനെ വീട്ടിലെത്തിച്ചത്.