കൊല്ലം: കേരള സംസ്ഥാന കശുവണ്ടി വികസന കോര്പ്പറേഷന് വാക്സിന് ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപ നല്കി. കശുവണ്ടി വികസന കോര്‍പ്പറേഷനിലെ ജീവനക്കാരും തൊഴിലാളികളും ചേര്‍ന്ന് സ്വരൂപിച്ച രണ്ടുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് നല്‍കിയത്.
കാഷ്യൂ കോര്പ്പറേഷന് ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജീവനക്കാരും ട്രേഡ് യൂണിയന് പ്രതിനിധികളും പങ്കെടുത്തു. ചെയര്മാന് എസ് ജയമോഹന് തുക ഏറ്റുവാങ്ങി. കോര്പ്പറേഷന് എംഡി ഡോ രാജേഷ് രാമകൃഷ്ണന്, സുനില്‍ ജോണ്‍, വിപി ഹരിലാല്‍, കെ ഗോപുകുമാര്‍, യൂണിയന് പ്രതിനിധികളായ ജയന്തി പിഎസ്, സുനില്‍കുമാര്‍ (സിഐടിയു), വിഎന്‍ എബ്രഹാം (എഐടിയുസി), സുനില്‍കുമാര്‍ (ഐഎന്‍ടിയുസി), വിക്രമന് (യുടിയുസി) എന്നിവര്‍ പങ്കെടുത്തു.
ദുരിതശ്വാസനിധിയിലേക്ക് ഇനിയും സംഭാവന നല്കാന് തൊഴിലാളികളും ജീവനക്കാരും സന്നദ്ധരാണെന്ന് യൂണിയന് ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം, കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടുകളെ വിറ്റ് പണം നല്കി സുബൈദ താരമായി. വാക്സിന് ചലഞ്ചിലേക്ക് സംസ്ഥാന സര്‍ക്കാരിന് കൈത്താങ്ങായി 5000 രൂപയാണ് ഇത്തവണ സുബൈദ സംഭാവന ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റുകിട്ടിയ 5510 രൂപ സുബൈദ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.