അഞ്ചാലുംമൂട്: ബൈക്കില്‍ യാത്ര ചെയ്ത യുവാക്കള്‍ യാത്രയ്ക്കിടെ സാമൂഹിക അകലം പാലിച്ചില്ലെന്ന പേരില്‍ പിഴ ഈടാക്കി പോലീസ്. ഈസ്റ്റ് പോലീസ് ഇന്നലെ രാവിലെ കടപ്പാക്കടയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് അഷ്ടമുടി സ്വദേശികളായ യുവാക്കള്‍ക്ക് 500 രൂപ പിഴ ചുമത്തിയത്.
2 പേരും ഹെല്‍മറ്റ്, മാസ്ക് എന്നിവ ധരിച്ചിരുന്നു. വാഹനത്തിന്റെ രേഖകളും ഉണ്ടായിരുന്നു. എന്നിട്ടും സാമൂഹിക അകലം പാലിക്കാത്തതിന് 500 രൂപ പിഴ അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ബൈക്കില്‍ യാത്ര ചെയ്യുന്നത് വിലക്കിയുള്ള ഉത്തരവോ നിര്‍ദേശങ്ങളോ ഉണ്ടെന്ന് അറിയില്ലെന്ന് പറഞ്ഞതോടെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പെറ്റി അടയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചെന്നും സ്റ്റേഷനിലെത്തിയപ്പോള്‍ 2000 രൂപ പിഴ അടയ്ക്കണമെന്ന് നിര്‍ദേശിച്ചെന്നും യുവാക്കള്‍ പറയുന്നു. ഒടുവില്‍ 500 രൂപ പിഴയടച്ചാണ് യുവാക്കള്‍ പുറത്തിറങ്ങിയത്.
അതേസമയം, നിയമപ്രകാരമാണ് പിഴ ഈടാക്കിയതെന്നാണ് പോലീസ് വാദം. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം സെക്ഷന്‍ 3(ബി) പ്രകാരമാണു പിഴ ചുമത്തിയത്. കഴിഞ്ഞ തവണ കൊവിഡ് വ്യാപനമുണ്ടായപ്പോള്‍ തന്നെ വാഹനങ്ങളില്‍ ബന്ധുക്കളല്ലാത്തവര്‍ ഒരുമിച്ചു യാത്ര ചെയ്യരുതെന്ന കര്‍ശന നിര്‍ദേശമുണ്ടായിരുന്നതായി ഈസ്റ്റ് പോലീസ് പറയുന്നു.
ഭര്‍ത്താവ്, ഭാര്യ, അച്ഛന്, മക്കള്‍ എന്നിങ്ങനെ അടുത്ത ബന്ധമുള്ളവര്‍ മാത്രമേ ഒന്നിച്ചു ബൈക്കില്‍ യാത്ര ചെയ്യാവൂ. രണ്ടു വീടുകളില്‍ കഴിയുന്നവരില്‍ നിന്നു പരസ്പരം രോഗം പകരാതിരിക്കാനാണിത്. കാറുകളിലെ യാത്രക്കാര്‍ക്കും സമാന നിയന്ത്രണമുണ്ട്. കഴിഞ്ഞ തവണ നടപ്പാക്കിയ എല്ലാ നിയന്ത്രണങ്ങളും നിബന്ധനകളും ഇത്തവണയും ബാധകമാണെന്നും പോലീസ് അറിയിച്ചു.