ഉച്ചയൂണു പോലും കഴിക്കാതെ, പൂമാലയും ചുവപ്പു ഹാരവുമായി സ്ഥാനാര്‍ത്ഥിയെ കാത്തു നില്‍ക്കുകയാണ് തൊഴിലാളികള്‍. ഇവിടെ മേഴ്സിക്കുട്ടിയമ്മയ്ക്ക് വോട്ട് ഉറപ്പാണ്. അതങ്ങനെയാണ് കശുവണ്ടിയും മത്സ്യബന്ധന മേഖലയും മേഴ്സിക്കുട്ടിയമ്മയുടെ രാഷ്ട്രീയക്കളരിയാണ്.
ചാനല്‍ ഇന്റര്‍വ്യൂ കഴിഞ്ഞു കുണ്ടറ പേരയം ടേസ്റ്റി നട്സ് ഇന്‍ഡസ്ട്രീസിലെ കശുവണ്ടിത്തൊഴിലാളികള്‍ കാണാനെത്തിയതു നട്ടുച്ചയ്ക്കാണ്. തൊഴിലാളികളെ ചേര്‍ത്തു നിര്‍ത്തി ചോദ്യവും ഉത്തരവുമായി മേഴ്സിക്കുട്ടിയമ്മ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തി.
കിറ്റ് കിട്ടുന്നില്ലേ…? ആഴ്ചയില്‍ 6 ദിവസം ജോലിയില്ലേ…? മിനിമം ബോണസ് മാത്രമേ നല്‍കൂ എന്നു മുതലാളിമാര്‍ പറഞ്ഞെങ്കിലും 20% ബോണസ് സര്‍ക്കാര്‍ ഉറപ്പു വരുത്തിയില്ലേ? തുടര്‍ ഭരണം ലഭിക്കുമെന്നു ഉറപ്പല്ലേ..? ചോദ്യങ്ങള്‍ക്കെല്ലാം ഉണ്ടെന്നു തൊഴിലാളികളുടെ മറുപടി. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങള്‍ പകുതി പരിഹരിക്കാനുണ്ട്. അതിനു തുടര്‍ഭരണം അനിവാര്യമാണെന്ന് ഉറപ്പിച്ചു ഒരിക്കല്‍ക്കൂടി കൂട്ടിച്ചേര്‍ത്തു.
വികസനത്തിന്റെ പട്ടിക നിരത്തിയാണ് മേഴ്സിക്കുട്ടിയമ്മ ഓരോ ഇടവും പിന്നിടുന്നത്. സ്വീകരണ പര്യടനം തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. അതു മാറ്റി വച്ചാണ് കശുവണ്ടി തൊഴിലാളികളെ സന്ദര്‍ശിച്ചത്. കേരളപുരം വേലന്‍കോണം കാഷ്യു ഫാക്ടറി, മണ്ഡലം ജംക്ഷന് സെന്റ് മേരീസ് കാഷ്യു ഫാക്ടറി, പ്രശാന്തി പീലിങ് സെന്റര്‍, ചോതി കാഷ്യൂസ് എന്നിവിടങ്ങളിലും തൊഴിലാളികളെ കണ്ട് വോട്ട് ഉറപ്പുവരുത്തി.