കുന്നിക്കോട്: കളിച്ചുകൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറ്റില്‍വീണ രണ്ടുവയസ്സുകാരന് രക്ഷകനായി പതിനാറുകാരന് സഹോദരന്. സജിസദനത്തില് ഭുവനചന്ദ്രന്-സൗമ്യ ദമ്പതിമാരുടെ മകന് സൂര്യദത്താണ് 22 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.
വിളക്കുടി കിണറ്റിന്‍കര മിച്ചഭൂമിയില്‍ വ്യാഴാഴ്ച രാവിലെ പത്തിനാണ് സംഭവം. മൂന്നരവയസ്സുകാരന് ശ്രീദത്തുമായി വീട്ടുമുറ്റത്ത് കളിക്കുമ്പോഴായിരുന്നു അപകടം. സമീപത്ത് വഴിക്കുവേണ്ടി കോണ്ക്രീറ്റ്തിട്ട കെട്ടിയത് ആള്‍മറയുള്ള കിണറിന്റെ ഒപ്പത്തിലേക്ക് ഉയര്‍ന്നിരുന്നു. അവിടെ കളിച്ചുകൊണ്ടുനില്ക്കുമ്പോഴാണ് സൂര്യദത്ത് അബദ്ധത്തില്‍ കിണറ്റില്‍ വീണത്.
സംഭവം കണ്ടുനിന്ന ശ്രീദത്ത് നിലവിളിച്ചുകൊണ്ട് മുത്തശ്ശി സരസ്വതിയുടെ അടുത്തേക്ക് പാഞ്ഞു. സരസ്വതി എത്തിയപ്പോഴേക്കും കിണറ്റില്‍ ഓളംതല്ലല്മാത്രം. സരസ്വതിയുടെ നിലവിളികേട്ട് കൊച്ചുമകന് ശിവദത്ത് (16) ഓടിയെത്തി, ഒട്ടും താമസിക്കാതെ കയറില്‍ തൂങ്ങി കിണറ്റിലേക്ക് ഊര്‍ന്നിറങ്ങി.
ഈ സമയം കിണറ്റില്‍ മുങ്ങിപ്പൊങ്ങിയ രണ്ടുവയസ്സുകാരന് തൊടിയില്‍ പിടികിട്ടി. അപ്പോഴേക്കും ശിവദത്ത് കിണറ്റിലിറങ്ങി കുട്ടിയ വെള്ളത്തില്‍നിന്ന് ഉയര്‍ത്തിവെച്ചു. ബഹളംകേട്ട് പിന്നീട് കൂടുതല്‍പേരെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഇതേസമയം, ആവണീശ്വരത്തു നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് സൂര്യദത്തിന് ചികിത്സ നല്കി.
കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നു. വിസ്താരം കുറഞ്ഞ കിണറ്റില്‍വീണ കുട്ടി തൊടികളിലൊന്നും തട്ടാതെ നേരേ വെള്ളത്തിലേക്ക് വീണതിനാല്‍ കാര്യമായ പരിക്കുകളില്ല. അപകടത്തില്‍പ്പെട്ട സൂര്യദത്തിന്റെ പിതൃസഹോദരന്റെ മക്കളാണ് ശ്രീദത്തും ശിവദത്തും. കുട്ടിയ രക്ഷിക്കാന്‍ ആദ്യം കിണറ്റിലിറങ്ങിയ ശിവദത്തിനെ അഗ്നിരക്ഷാസേന അഭിനന്ദിച്ചു.