പത്തനാപുരം: എക്സ്റേയില്‍ പോലും ഒന്നും കണ്ടില്ല, അവസാനം മുറിവേറ്റ ഭാഗം പഴുത്തു പൊട്ടിയപ്പോള്‍ മൂന്ന് സെന്റിമീറ്റര്‍ നീളമുള്ള മരക്കുറ്റി പുറത്തുവന്നു. കാലില്‍ തറച്ച മരക്കുറ്റിയുമായി ആദിവാസി വയോധിക കടുത്ത വേദന സഹിച്ചത് മൂന്നു മാസമാണ്.
മുള്ളുമല ആദിവാസി കോളനിയിലെ രമണിയമ്മ (80) ആണ് മൂന്ന് മാസക്കാലം കാലില്‍ തറച്ച മരക്കുറ്റിയുമായി നടന്നത്. ചികിത്സ തേടിയെങ്കിലും എക്സ്റേ എടുത്തിട്ട് പോലും കാലില്‍ ഒന്നും കണ്ടെത്തിയില്ലെന്നു പറഞ്ഞു പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നു തിരിച്ചയയ്ക്കുകയായിരുന്നു.
ഒന്നര ഇഞ്ച് വലുപ്പവും മൂന്നു സെന്റിമീറ്റര്‍ നീളവുമുള്ള കുറ്റിയാണ് കാലില്‍ തറച്ചുകയറിയത്. വേദന സഹിച്ചു കഴിഞ്ഞ രമണിയമ്മയുടെ കാലിലെ മുറിവേറ്റ ഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ പഴുത്തു പൊട്ടിയപ്പോഴാണ് കുറ്റിയും പുറത്തെത്തിയത്.
കുറ്റി കൊണ്ട ദിവസം ആദ്യം എത്തിയത് അലിമുക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്. ഇവിടെ പ്രാഥമിക ചികിത്സയ്ക്കു ശേഷമാണ് പുനലൂരിലെത്തിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ആദിവാസി വികസന സൊസൈറ്റി പരാതി നല്കുമെന്നു പ്രസിഡന്റ് സന്തോഷ് മുള്ളുമല പറഞ്ഞു.