കൊല്ലം: വയോധികരായ ലോട്ടറി കച്ചവടക്കാരെ ചുറ്റിപ്പറ്റി തട്ടിപ്പ് നടത്തിയ ആള് ഒടുവില്‍ പോലീസിന്റെ വലയില്‍. ലോട്ടറിയിലെ നമ്പര്‍ തിരുത്തി കൊല്ലം ജില്ലയിലെ ചെറുകിട കച്ചവടക്കാരില്‍ നിന്ന് വ്യാപകമായി പണം തട്ടിയെടുത്ത ഷാജിയെ ആണ് പോലീസ് കുടുക്കിയത്. കരിക്കോട്ടെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊല്ലം പരവൂരില്‍ വയോധികനായ ലോട്ടറി വ്യാപാരിയെ കബളിപ്പിച്ച് ഏഴായിരം രൂപയും മൂവായിരം രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റും തട്ടിയെടുക്കുന്ന ദൃശ്യങ്ങളുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എഴുകോണ്‍ പോലീസ് കൊല്ലം കരിക്കോട്ടെ ലോട്ടറി ഏജന്‍സിയില്‍ നിന്ന് ഷാജിയെ അറസ്റ്റ് ചെയതത്.
വയോധികരായ ചെറുകിട ലോട്ടറി കച്ചവടക്കാരെ കേന്ദ്രീകരിച്ചായിരുന്നു ഷാജിയുടെ തട്ടിപ്പ്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളിലെ എട്ട് എന്ന അക്കം മൂന്ന് എന്ന് തിരുത്തി കൊല്ലം ,തിരുവനന്തപുരം മേഖലകളിലെ ചെറുകിട കച്ചവടക്കാരില്‍ നിന്ന് ഷാജി തട്ടിയെടുത്തത് ആയിരം രൂപ മുതല്‍ പതിനായിരം രൂപ വരെയാണ്.
ഓരോ തവണ തട്ടിപ്പു നടത്തുമ്പോഴും ഷാജി തന്റെ ഇരുചക്രവാഹനത്തിന്റെ നമ്പരും മാറ്റിക്കൊണ്ടേയിരുന്നു. ഒടുവില്‍ മാറനാട് സ്വദേശിയായ ലോട്ടറി കച്ചവടക്കാരന് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് ഷാജി എഴുകോണ്‍ പോലീസിന്റെ പിടിയിലായത്.
എഴുകോണ്‍ ഇന്‍സ്പെക്ടര്‍ ടിഎസ് ശിവപ്രസാദ്, എസ്ഐമാരായ ബാബു കുറുപ്പ്, അരുണ്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ബിനില്‍ മോഹന്‍ എന്നിവരുടെ സംഘമാണ് പ്രതിയെ വലയിലാക്കിയത്.