കൊട്ടാരക്കര: തട്ടിപ്പിന്റെ പുതിയ വഴികള്‍ തേടുകയാണ് സംസ്ഥാനത്തെ കള്ളന്മാര്. ഇപ്പോഴിതാ ടിക്കറ്റ് നമ്പര്‍ ചുരണ്ടി സമ്മാനം ലഭിച്ച ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലോട്ടറി വില്പനക്കാരിയെ കബളിപ്പിച്ചു. കൊട്ടാരക്കര അമ്മന്‍കോവില്‍ ഭാഗത്ത് ലോട്ടറി കച്ചവടം നടത്തുന്ന കോട്ടുക്കല്‍ സ്വദേശി ആനന്ദവല്ലിയാണ് തട്ടിപ്പിന് ഇരയായത്.
സമ്മാനാര്‍ഹമായ ടിക്കറ്റെന്ന പേരില്‍ നമ്പര്‍ തിരുത്തി വ്യാജ ടിക്കറ്റു നല്കി പകരം ടിക്കറ്റും ബാക്കി വന്ന ഇരുപതു രൂപയും വാങ്ങിയാണ് തട്ടിപ്പുകാര്‍ കടന്നത്. ടിക്കറ്റ് നമ്പറിലെ എട്ട് ചുരണ്ടി മൂന്ന് ആക്കി മാറ്റിയാണ് തട്ടിപ്പ്. പകരം 12 ലോട്ടറി ടിക്കറ്റുകള്‍ അവര്‍ കരസ്ഥമാക്കി. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് തട്ടിപ്പ് നടത്തിയത്.
അതേസമയം, കഴിഞ്ഞ ആഴ്ചയില്‍ സദാനന്ദപുരത്ത് അന്ധനായ ലോട്ടറി വ്യാപാരി ഗോപിനാഥന് ആചാരിയെ പറ്റിച്ച് അയ്യായിരം രൂപ ചിലര്‍ തട്ടിയെടുത്തിരുന്നു. അയ്യായിരം രൂപ സമ്മാനാര്‍ഹമായ ടിക്കറ്റെന്ന പേരില്‍ ബൈക്കിലെത്തിയവര്‍ നല്‍കിയത് നമ്പര്‍ തിരുത്തിയ ടിക്കറ്റ് ആയിരുന്നു. ഗോപിനാഥന് ആചാരി നേരത്തെയും തട്ടിപ്പിന് ഇരയായിട്ടുണ്ട്.