ശാസ്താംകോട്ട: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഇനിയൊരു മീന്‍ വില്പനക്കാരിയുടെ ശബ്ദം കൂടി ഉയരും. പോരുവഴി ഡിവിഷനില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ലതാ രവിയാണ് മീന്‍ കച്ചവടത്തില്‍ നിന്നും നാട് ഭരിക്കാനായി ഇറങ്ങുന്നത്.
അതിജീവനത്തിന്റെ പോരാട്ടത്തില്‍ തന്നെ ആര്‍ക്കും തളര്‍ത്താനാകില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ലത. സാധാരണക്കാരന്റെ വേദനയും ആകുലതയും നന്നായറിയാവുന്ന ഇവര്‍ എതിര് സ്ഥാനാര്ഥിയെക്കാള് 783 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
നാലു വര്‍ഷം മുന്‍പ് ഭര്‍ത്താവ് രവി ഹൃദയാഘാതം മൂലം മരണപ്പെടുമ്പോള്‍ സ്വന്തമെന്ന് പറയാന്‍ രണ്ട് പെണ്മക്കളും ഒരു പെട്ടിഓട്ടോയും മാത്രമാണ് ലതയ്ക്ക് ഉണ്ടായിരുന്നത്. ഭര്‍ത്താവിന്റെ വേര്‍പാടില്‍ പകച്ചു പോയെങ്കിലും ലത തളര്‍ന്നില്ല. 24-ാം ദിവസം ഭര്‍ത്താവ് പാതിവഴിയില്‍ ഉപേക്ഷിച്ച പെട്ടി ഒട്ടോയുമായി തളരാത്ത വീര്യത്തോടെ അവര്‍ മീന്‍ കച്ചവടത്തിനിറങ്ങി.
അതില്‍ നിന്നുള്ള സമ്പാദ്യം ഉപയോഗിച്ച് അവര്‍ രണ്ട് മക്കളെയും പഠിപ്പിച്ചു. മൂത്ത മകള്‍ രശ്മിയെ ആറ് മാസം മുന്‍പ് വിവാഹം കഴിച്ചയച്ചു. ഇളയ മകള്‍ രേഷ്മ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. ഇതിനിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ലത സമയം കണ്ടെത്തി. മഹിളാ കോണ്‍ഗ്രസ് പോരുവഴി മണ്ഡലം പ്രസിഡന്റാണ് ലത.
സ്കൂള്‍ വിദ്യാഭ്യാസ കാലത്തും കൊല്ലം എസ്എന്‍ വനിതാ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴും മികച്ചൊരു കായികതാരമായി ലത പേരെടുത്തിരുന്നു. എന്നാല്‍ വീട്ടിലെ സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നതിനാല്‍ കായികതാരമായി കൂടുതല്‍ ഉയരാന്‍ ലതയ്ക്ക് കഴിഞ്ഞില്ല. ജനപ്രതിനിധിയായെങ്കിലും താന്‍ മീന്‍ കച്ചവടം ഉപേക്ഷിക്കില്ലെന്നാണ് ലതയുടെ ഇപ്പോഴത്തെ തീരുമാനം.