വെളിയം: അച്ഛനെ പരാജയപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയോട് മകന്റെ മധുരപ്രതികാരം. വെളിയം പഞ്ചായത്തില്‍ മാലയില്‍ വാര്‍ഡിലാണ് അച്ഛനെ പരാജയപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയെ 26 വര്‍ഷത്തിന് ശേഷം മകന് തോല്പിച്ചത്.
ബിജെപി സ്ഥാനാര്‍ത്ഥിയായ അനില്‍ മാലയില്‍ ആണ് പിതാവിനെ പരാജയപ്പെടുത്തിയ യുഡിഎഫിലെ വെളിയം ശ്രീകുമാറിനെ തോല്പിച്ചത്. 1994 ല്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഇതേ വാര്‍ഡില്‍ നിന്ന് അനിലിന്റെ പിതാവ് മാലയില്‍ ജോതിഭവന് പരേതനായ ശശിധരന് നായരെ വെളിയം ശ്രീകുമാര്‍ പരാജയപ്പെടുത്തിയിരുന്നു.
അതിന് പകരമായി 26 വര്‍ഷത്തിനു ശേഷം കൊട്ടാരക്കര നിയോജക ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ അനില്‍ മാലയില്‍ കെപിസിസി മെമ്പറായ വെളിയം ശ്രീകുമാറിനെ പരാജയപ്പെടുത്തി 2020ല്‍ വിജയം കൈവരിച്ചു.
അതേസമയം, കൊല്ലത്ത് പാര്‍ട്ടിയെയും മുന്നണിയെയും ആശങ്കപ്പെടുത്തിയ രാഷ്ട്രീയ കാലാവസ്ഥയ്ക്കു നടുവിലും ജില്ലയില്‍ എല്‍ഡിഎഫിനും സിപിഎമ്മിനും മികച്ച വിജയം കൈവരിക്കാനായി. 13 ഗ്രാമപഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും ഭരണം നഷ്ടമായെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ശക്തമായി മറികടക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലായി എല്‍ഡിഎഫ്.
നേട്ടമുണ്ടാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ എന്‍ഡിഎയും കൊല്ലം കോര്‍പറേഷനിലെ കനത്ത തിരിച്ചടിയുടെ ആഘാതത്തില്‍ യുഡിഎഫ് ക്യാമ്പുകള്‍ മൗനവും മ്ലാനവുമായി. സിപിഎം- എല്‍ഡിഎഫ് ക്യാമ്പുകളെപ്പോലും അമ്പരിപ്പിച്ച വിജയമാണ് ഇക്കുറി മുന്നണിക്ക്. 7 മാസം മുന്‍പു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 11 നിയമസഭാ മണ്ഡലങ്ങളിലും വന്‍ മാര്‍ജിനില്‍ പിന്നില്‍പോയ എല്‍ഡിഎഫ്, ഇക്കുറി ശക്തമായ തിരിച്ചുവരവു നടത്തി.