കൊല്ലം: ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം രാമലീലയെ അനുസ്മരിപ്പിച്ച് കൊല്ലത്ത് അമ്മയും മകനും ഒരേ വാര്‍ഡില്‍ ഏറ്റുമുട്ടി. എന്നിട്ട് രണ്ട്പേരും പരാജയപ്പെട്ടു. കിഴക്കന്‍ മലയോരത്തെ ഇടമുളയ്ക്കല്‍ പഞ്ചായത്ത് പനച്ചവിള വാര്‍ഡിലാണ് സിനിമാ സ്റ്റൈല്‍ ഏറ്റുമുട്ടല്‍ അരങ്ങേറിയത്.
എന്നാല്‍ അവിടെ കോണ്‍ഗ്രസിന്റെ എം ബുഹാരി 88 വോട്ടിന് വിജയിച്ചു. ബിജെപി സ്ഥാനാര്‍ഥിയായി സുധര്‍മ്മ ദേവരാജന്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ സുധര്‍മ്മയുടെ മകന് ഡി എസ് ദിനുരാജിനെയാണ് സിപിഎം സ്ഥാനാര്‍ഥിയാക്കിയത്. സുധര്‍മ്മ മഹിളാ മോര്‍ച്ചാ നേതാവും ദിനുരാജ് ഡിവൈഎഫ്ഐ ഇടമുളയ്ക്കാല്‍ മേഖലാ ട്രഷററും ആണ്.
കോണ്‍ഗ്രസിന്റെ എം ബുഹാരി 511, സിപിഎമ്മിവന്റെ ഡി എസ്.ദിനുരാജ് 423, ബിജെപിയുടെ സുധര്‍മ് ദേവരാജന്‍ 335 എന്നിങ്ങനെയാണ് വോട്ട് നില. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.
2015 ല്‍ പനച്ചവിള വനിതാ സംവരണ വാര്‍ഡായിരുന്നപ്പോഴാണ് സുധര്‍മ്മ ഇവിടെ ആദ്യം മത്സരിക്കുന്നത്. 335 വോട്ട് നേടി കോണ്‍ഗ്രസിനെ മറികടന്ന് സുധര്‍മ്മ അന്ന് രണ്ടാമത് എത്തിയിരുന്നു. 512 വോട്ട് നേടിയാണ് സിപിഎം പ്രതിനിധി വാര്‍ഡില്‍ നിന്ന് അന്ന് വിജയിച്ചത്.
2015 ല്‍ മൂന്നാം സ്ഥാനത്തായിരുന്ന കോണ്‍ഗ്രസ്, ഇപ്പോള്‍ 2020ല്‍ അമ്മ മകന് പോര് ഒരു വശത്ത് നടന്നപ്പോള്‍ മറുവശത്ത് കൂടി വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഒരു വീട്ടില്‍ താമസിച്ചിരുന്ന അമ്മയും മകനും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായതോടെ രണ്ട് വീടുകളിലേക്ക് താമസം മാറ്റിയിരുന്നു. സുധര്‍മ്മയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രണ്ട് ആഴ്ചകള്‍ക്ക് ശേഷമാണ് സിപിഎം മകന് ദിനുരാജിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്.