പയ്യന്നൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലേക്കുള്ള ആദ്യ വോട്ട് ചെയ്തു ട്രാന്‍സ്ജെന്‍ഡര്‍ കാവ്യ. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ മണ്ഡലത്തിലെ ആദ്യ വോട്ടാണ് കാവ്യ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച കോറോം മുക്കോത്തടം എല്‍പി സ്കൂളിലെ 64-ാം നമ്പര്‍ ബൂത്തിലാണ് കാവ്യ മണ്ഡലത്തിന്റെ ചരിത്രത്തിലേക്കുള്ള വോട്ട് രേഖപ്പെടുത്തിയത്.
ട്രാന്‍സ്ജെന്‍ഡര്‍ എന്ന് രേഖകളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായതോടെ സ്വന്തം സ്വത്വത്തില്‍ കന്നിവോട്ട് ചെയ്യുകയായിരുന്നു കാവ്യ. സ്വന്തം ഐഡന്റിറ്റിയില്‍ വോട്ട് ചെയ്യാനുള്ള ഏറെക്കാലത്തെ ആഗ്രഹമാണ് കാവ്യയ്ക്ക് സഫലമായത്.
മുന്‍പ് ബിജു എന്ന പേരിലാണ് വോട്ട് ചെയ്തിരുന്നത്. പുരുഷന് എന്നായിരുന്നു പേരിനുനേരെ ചേര്‍ത്തിരുന്നത്. ഇത് സ്വന്തം ഐഡന്റിറ്റിയല്ലെന്ന് തിരിച്ചറിഞ്ഞ കാവ്യ സ്വന്തം വിഭാഗത്തില്‍ത്തന്നെ വോട്ട് ചെയ്യാനുള്ള കാത്തിരിപ്പിലായിരുന്നു.
32 വയസ്സുള്ള കാവ്യ എറണാകുളം ബ്യൂട്ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മോഡലായി ജോലി ചെയ്യുകയാണ്. കോറോത്ത് ജനിച്ചുവളര്‍ന്ന കാവ്യ ഇപ്പോള്‍ പയ്യന്നൂരില്‍ വാടകവീട്ടിലാണ് അമ്മ കമലാക്ഷിയോടൊപ്പം താമസിക്കുന്നത്. ദ്വയ ട്രാന്‍സ്ജെന്‍ഡര്‍ ആര്‍ട്സ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി എക്സിക്യുട്ടീവ് മെമ്പറും കണ്ണൂര്‍ ജില്ലാ ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് കാവ്യ.
ഇപ്പോഴത്തെ ഇടതുസര്‍ക്കാരാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിച്ചതെന്ന് കാവ്യ പറഞ്ഞു.
‘ഇതോടെ ചെറുതായി അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും ജോലിസ്ഥലത്ത് ഉള്‍പ്പെടെ പല ദിക്കിലും ഇപ്പോഴും അവഗണനയും പരിഹാസവും നേരിടേണ്ടിവരുന്നുണ്ട്. ഇനി വരുന്ന സര്‍ക്കാര്‍ ഏതായാലും ന്യൂനപക്ഷമായ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി കൂടെനില്ക്കണമെന്നാണ് ആഗ്രഹമെന്ന്’
കാവ്യ പറഞ്ഞു.