കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ യുവതിയുമായി ചാറ്റിംഗ് നടത്തിയെന്ന് ആരോപിച്ച് സ്കൂട്ടറിലെത്തിയ സംഘം യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. സെറീന മന്‍സിലില്‍ മുനീറി (49)നെയാണ് സ്കൂട്ടറിലെത്തിയ യുവതിയുടെ ബന്ധുക്കളായ രണ്ടംഗ സംഘം മര്‍ദ്ദിച്ചതായി പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
മെസഞ്ചറിലുടെ യുവതിയുമായി ചാറ്റിംഗ് നടത്തിയതിനെ ചൊല്ലി താക്കീത് ചെയ്ത ശേഷമാണ് ഇവര്‍ പയ്യന്നൂര്‍ തായിനേരിയിലെ കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന മുനീറിനെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ജനുവരി 27ന് വൈകുന്നേരം മൂന്നരയോടെയാണ് അക്രമം നടന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവാവ് പയ്യന്നൂര്‍ പോലീസിന് പരാതി നല്കി. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം, ഭര്‍തൃമതിയായ 24കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ യുവാവിനെതിരേ ബലാത്സംഗത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഒരു കുട്ടിയുടെ മാതാവും പെരിന്തട്ട തവിടിശേരി സ്വദേശിനിയുമായ യുവതിയുടെ പരാതിയിലാണ് പേരുല്‍ തൗവ്വറ സ്വദേശി കിഷോറിനെതിരേ പെരിങ്ങോം പോലീസ് കേസെടുത്തത്.
യുവാവുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അവശനിലയില്‍ യുവതി ഇപ്പോള്‍ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞെത്തിയ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.
2017 മുതല്‍ പരിചയപ്പെട്ട കിഷോര്‍ വിവിധ ദിവസങ്ങളില്‍ പയ്യന്നൂരിലെ ലോഡ്ജുകളിലും ചെറുവത്തൂരിലെ ഒരു ലോഡ്ജിലും മറ്റു സ്ഥലങ്ങളിലും കാറില്‍ കൊണ്ടുപോയി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.