ആലക്കോട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഹോം നഴ്സിനെ വീട്ടില്‍ കയറി ഭര്‍ത്താവ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. യുവതിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ ആലക്കോട് ഹോം നഴ്സായി ജോലി ചെയ്യുന്ന ഭാര്യയെയാണ് വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് കത്തി കൊണ്ട് മാരകമായി കുത്തിപരിക്കേല്പിച്ചത്.
ആലക്കോട് വായാട്ടുപറമ്പിലെ ആനക്കുഴി സ്വദേശിനി ആലച്ചേരി ഹൗസില്‍ നിഷ (32) യെയാണ് ഭര്‍ത്താവ് ആലക്കോട് ഫര്‍ലോങ്കരയിലെ പികെ ഷിജു (46) കത്തികൊണ്ട് കുത്തിയത്. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.
കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. സംഭവ ദിവസം പുലര്‍ച്ചെ യുവതി താമസിക്കുന്ന വീട്ടിലെത്തിയ ഷിജു കൈയില്‍ കരുതിയ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷിജു പോലീസ് കസ്റ്റഡിയിലാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവതിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ആലക്കോട് പോലീസ് മെഡിക്കല്‍ കോളജിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയിലെ കാനത്തൂര്‍ വടക്കേക്കരയില്‍ ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കിയിരുന്നു. കുടുംബവഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാനത്തൂര്‍ സ്വദേശി വിജയനും ഭാര്യ ബേബിയുമാണ് മരിച്ചത്.