തളിപ്പറമ്പ്: ക്ഷേത്രക്കുളത്തില്‍ വീണ പന്ത്രണ്ടുകാരന്റെ ജീവന് രക്ഷിച്ച് മൂന്ന് യുവാക്കള്‍. മുയ്യം വരഡൂലില്‍ ക്ഷേത്ര നിര്‍മാണത്തിനു പാലക്കാട്ടു നിന്നെത്തിയ യുവാക്കളാണ് വെള്ളത്തില്‍ മുങ്ങി താഴുന്ന പന്ത്രണ്ടുകാരന്റെ ജീവന് രക്ഷിച്ചത്.
പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ വിശാഖും(21) സുബ്രഹ്മണ്യനും(28), സുധീഷും25)മാണ് കുട്ടിയുടെ രക്ഷകരായത്. പുനര്‍ നിര്‍മാണം നടക്കുന്ന മുയ്യം വരഡൂല്‍ ലക്ഷ്മിനാരായണ ക്ഷേത്രം ശ്രീകോവിലിന്റെ കരിങ്കല്‍ കൊത്തുപണികള്‍ നടത്താന്‍ പാലക്കാട് നിന്നും എത്തിയതാണ് മൂവരും.
കഴിഞ്ഞ ദിവസം ജോലിക്കിടയില്‍ വിശാഖിന്റെ കണ്ണില്‍ കരിങ്കല്‍ ചീള് തെറിച്ചിരുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ 2 ദിവസത്തെ വിശ്രമം നിര്‍ദേശിച്ചു. ഇതനുസരിച്ച് ക്ഷേത്രത്തിനു സമീപത്തെ താമസ സ്ഥലത്ത് വിശ്രമിക്കുമ്പോഴാണ് ക്ഷേത്രക്കുളത്തില്‍ നിന്ന് ആരോ നിലവിളിക്കുന്നത് വിശാഖ് കേട്ടത്.
ഓടിയെത്തിയപ്പോള്‍ കൊച്ചു കുട്ടി വെള്ളത്തില്‍ മുങ്ങി താഴുന്നതും വയോധികനായ ഒരാള്‍ വെള്ളത്തില്‍ ഇറങ്ങി നിന്ന് നിസ്സഹായനായി നിലവിളിക്കുന്നതുമാണ് കണ്ടത്. വിശാഖ് ഉടന്‍ തന്നെ സുബ്രഹ്മണ്യനെയും സുധീഷിനെയും വിളിച്ച് മൂന്നൂപേരും കുളത്തില്‍ ചാടി കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിക്ക് അപകടമൊന്നും സംഭവിച്ചിരുന്നില്ല.
ശ്രീകണ്ഠപുരത്തു നിന്ന് ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടില്‍ വിരുന്നുവന്നതായിരുന്നു കുട്ടിയും വയോധികനും. ഇവര്‍ കുളം കാണാനെത്തിയപ്പോള്‍ കുട്ടി അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. പിന്നീടാണ് ക്ഷേത്രം അധികൃതരും വിവരമറിഞ്ഞത്.
വൈകിട്ട് ക്ഷേത്രാങ്കണത്തില്‍ നടന്ന ഭക്തജനങ്ങളുടെ യോഗത്തില്‍ റിട്ട. എസ്ഐ ബാലകൃഷ്ണന്, റിട്ട ഐഎഫ്എസ് ഉദ്യോഗസ്ഥന് നാരായണന്, ശ്രീധരന് ഷെപ്പല്ലിയാര് എന്നിവര്‍ യുവാക്കളെ ആദരിച്ചു.