കണ്ണൂര്‍: ടിപ്പറില്‍ ലോഡുമായി സൈറ്റിലേക്ക് പറക്കുന്ന ബി.ടെക് ബിരുദധാരിയായ ശ്രീഷ്മ നാട്ടുകാര്‍ക്ക് കൗതുകമാണ്. ലോക്ക്ഡൗണ്‍ സമയത്ത് അച്ഛനെ സഹായിക്കുന്നതിനായാണ് ടിപ്പര്‍ ഓടിച്ചുതുടങ്ങിയത്. ഇപ്പോള്‍ ശ്രീഷ്മയ്ക്ക് ഡ്രൈവര്‍ജോലി ഒരു വരുമാന മാര്‍ഗമാണ്.
കുട്ടിക്കാലം മുതല്‍ വീട്ടുമുറ്റത്തെ വാഹനങ്ങള്‍കണ്ട് വളര്‍ന്ന ശ്രീഷ്മയുടെ മനസ്സിലെ ആഗ്രഹം, എല്ലാ വാഹനങ്ങളും ഓടിക്കാന്‍ പഠിക്കണമെന്ന് മാത്രമായിരുന്നു. അഞ്ചാംക്ലാസ് മുതല്‍ വാഹനമോടിക്കുന്നതില്‍ പരിശീലനം നേടിയ ശ്രീഷ്മ എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയ ഉടന്‍ ടിപ്പര്‍ ലോറിയില്‍ ഡ്രൈവര്ജോലിയിലേക്ക് തിരിയുകയായിരുന്നു.
കണ്ണൂര്‍ മയ്യില്‍ നിരന്തോട്ടെ എസ്എന്‍ നിവാസിലെ ബിസിനസുകാരനായ ചിറ്റൂടന്‍ പുരുഷോത്തമന്റെയും കണ്ണാടിപ്പറമ്പ് ദേശസേവ യുപി സ്കൂള്‍ അധ്യാപിക ചെമ്പന്‍ ശ്രീജയുടെയും മകള്‍ ശ്രീഷ്മ അതിസാഹസികമായി എതു റോഡിലും ലോറിയുമായെത്തും. മണലും സിമന്റുമായി ജീന്‍സും ബനിയനുമണിഞ്ഞെത്തുന്ന ലോറിഡ്രൈവറായ പെണ്‍കുട്ടി നാട്ടിന്‍പുറത്തുകാര്‍ക്ക് അദ്ഭുതമാണ്.
അദ്ഭുതം മാത്രമല്ല കളിയാക്കലുകളും നാട്ടുകരില്‍ നിന്ന് കിട്ടാറുണ്ടെന്നും ശ്രീഷ്മ പറയുന്നു. വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ് ഡ്രൈവിങ് പണിക്ക് പോകുന്നത് എന്ന തെറ്റിദ്ധാരണയും അടക്കം പറച്ചിലും നാട്ടുകാരില്‍ ചിലര്‍ക്കുണ്ട്. എന്നാല്‍ അതിനൊന്നും ചെവി കൊടുക്കാതെ കിട്ടുന്ന ഇടവേളകളില്‍ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നവും സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ശ്രീഷ്മ.
ഡ്രൈവിങ്ങില്‍ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസം തോന്നിയിട്ടില്ലെന്നും സമൂഹം എന്ത് പറയും എന്നു വിചാരിച്ച് വലിയ വണ്ടികള്‍ ഓടിക്കാനുള്ള ആഗ്രഹം പല പെണ്‍കുട്ടികളും ഉള്ളില്‍ ഒതുക്കുകയാണെന്ന് പറയുന്ന ശ്രീഷ്മ പെണ്ണ് ഒരു വണ്ടി ഓടിക്കുന്നത് ഇത്ര വലിയ തെറ്റാണോ എന്നും ചോദിക്കുന്നു
വീട്ടിലുള്ള ലോറിയില്‍ കഴിഞ്ഞ ആറുമാസത്തിലധികമായി മകളാണ് ഡ്രൈവറായി പോകുന്നതെന്ന് അച്ഛന് പുരുഷോത്തമന് പറഞ്ഞു. ഒരുദിവസംതന്നെ ഏഴുലോഡുവരെ ജില്ലിയിറക്കിയിട്ടുണ്ട്. ഒട്ടുമിക്ക ബൈക്കുകളും കാറുകളും ഓടിച്ച ശ്രീഷ്മ ബസും ഓടിക്കാന്‍ തയ്യാറാണ്. എല്ലാ വാഹനങ്ങളും ഓടിക്കുന്നതിനുള്ള ലൈസന്‍സ് നേടിയ ശ്രീഷ്മ മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനത്തിലാണ്.
മാതമംഗലത്തെ കോളേജ് ഓഫ് എന്‍ജിനീയറിങ് കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശ്രീഷ്മ സര്‍ക്കാര്‍ജോലിക്കുള്ള പരീക്ഷാ പരിശീലനവും നടത്തുന്നുണ്ട്. സഹോദരന് ഷിജില്‍ നിരന്തോട് ടൗണില്‍ ബിസിനസ് നടത്തുകയാണ്. മറ്റൊരു ജോലി കിട്ടുംവരെ ഈ തൊഴില്‍ തുടരാനാണ് ശ്രീഷ്മയുടെ തീരുമാനം.