കട്ടപ്പന: കൊവിഡ് രണ്ടം തരംഗം ആഞ്ഞുവിശിയിട്ടും വൈറസ് ബാധിച്ച ആരെയും കണ്ടെത്താനാകാത്ത നിര്‍വൃതിയില്‍ ഒരു ഗ്രാമം. കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി ആദിവാസിക്കുടിയാണ് മഹാമാരിയെ ഊരിലേക്ക് അടുപ്പിക്കാതെ പടിക്കുപുറത്തുനിര്‍ത്തി ജനങ്ങള്‍ക്കു മാതൃകയാകുന്നത്.
44 കുടുംബങ്ങളിലായി ആദിവാസി വിഭാഗത്തില്‍പെട്ട 155 പേരാണ് ഈ കുടിയിലുള്ളത്. കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആദിവാസി കുടിയില്‍ ആന്റിജന്‍ പരിശോധന നടത്തിയപ്പോഴും ഇവിടെ കൊവിഡ് ബാധിച്ച ആരെയും കണ്ടെത്താനായില്ല എന്നതാണ് ശ്രദ്ധേയം.
ഈ കുടിയില്‍ താമസിക്കുമ്പോള്‍ ആര്‍ക്കും രോഗം പിടിപെട്ടിട്ടില്ലെന്നത് ആരോഗ്യ വകുപ്പിനും ആശ്വാസമേകുന്നു. കുടിയില്‍ 80 പേര് ഇതിനോടകം തന്നെ കൊവിഡ് പ്രതിരോധ വാക്സീന് സ്വീകരിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഭൂരിഭാഗം പേരും ആന്റിജന്‍ ടെസ്റ്റിനും വിധേയരായിട്ടുണ്ട്.
മറ്റിടങ്ങളില്‍ നിന്നുള്ളവരെ കുടിയിലേക്കു പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്തംഗം ഷാജി വേലംപറമ്പില്‍ പറഞ്ഞു. ഊരുമൂപ്പന്, കുടിയിലെ യുവാക്കള്‍ തുടങ്ങിയവരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. കുടികളില്‍ നിന്നുള്ളവര്‍ മറ്റിടങ്ങളില്‍ ജോലിക്കും മറ്റുമായി പോകാറുണ്ടെങ്കിലും കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്.
അതേസമയം, ഈ കുടിയിലെ ഒരാള്‍ക്ക് കഴിഞ്ഞ വര്‍ഷം കുമളിയിലെ ബന്ധുവീട്ടില്‍ കഴിയുമ്പോള്‍ കൊവിഡ് പിടിപെട്ടെങ്കിലും രോഗം ഭേദമായി ഏറെനാളുകള്‍ക്കു ശേഷമാണ് ഇയാള്‍ ഇവിടേക്ക് എത്തിയത്.