കൊച്ചി: ശബ്ദം അമ്പത് ഡെസിബെലിന് മുകളില്‍ പോയാല്‍ കേസെടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി അടിമാലി സിഐ. അടിമാലി പഞ്ചായത്ത് സെക്രട്ടറി കെഎന്‍ സഹജനും അടിമാലി സിഐ ഷാരോണും തമ്മില്‍ തുടങ്ങിയ വാക്കു തര്‍ക്കമാണ് ഭീഷണിപ്പെടുത്തല്‍ വരെ എത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഉച്ചത്തില്‍ സംസാരിച്ചാല്‍ കേസെടുക്കുമെന്നാണ് സിഐ ഷാരോണ്‍ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തുന്നത്. ഉച്ചത്തില്‍ സംസാരിക്കാന്‍ താന്‍ പൊട്ടനൊന്നും അല്ലെന്നും ഇതിനേക്കാള്‍ ശബ്ദത്തില്‍ സംസാരിക്കാന്‍ തനിക്ക് അറിയാമെന്നും സിഐ പറയുന്നു. തുടര്‍ന്നാണ് അമ്പത് ഡെസിബലിന് മുകളില്‍ ശബ്ദം പോയാല്‍ കേസെടുക്കുമെന്ന് സിഐ ഭീഷണിപ്പെടുത്തുന്നത്.
എന്നാല്‍ തന്റെ ശബ്ദം ഇങ്ങനെയാണെന്ന് സെക്രട്ടറി പറയുന്നുണ്ട്. ഇത് ഇഷ്ടപ്പെടാതെ വന്നതോടെ കസേരയില്‍ നിന്നും ചാടിയെണീക്കുന്ന സിഐ സഹജനെതിരെ കേസെടുക്കാന്‍ ഉച്ചത്തില്‍ പറയുന്നത് കേള്‍ക്കാം. സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കാന്‍ പഞ്ചായത്തില്‍ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ വിശദീകരണം ചോദിക്കാന്‍ വിളിച്ചു വരുത്തിയപ്പോഴാണ് സംഭവം.
ഇഷ്ടിക നിര്‍മ്മാണ യൂണിറ്റിന്റെ ലൈസന്‍സ് പുതുക്കാന്‍ എത്തിയതായിരുന്നു യുവതി. എന്നാല്‍ സ്ഥാപനത്തിന് നിയമപരമായി ലൈസന്‍സ് പുതുക്കി നല്കാന് സാധിക്കില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. ഇതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പരാതിയില്‍ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതൂകൂടാതെ പോലീസിനോട് മോശമായി പെരുമാറിയെന്ന വകുപ്പും ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട സംസാരത്തിനിടെ പഞ്ചായത്ത് സെക്രട്ടറി തന്റെ അനുവാദം ഇല്ലാതെ സ്റ്റേഷനില്‍ നിന്നും ഇറങ്ങി പോയെന്നാണ് സിഐ ഷാരോണ്‍ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ തന്നെ സ്റ്റേഷനില്‍ വിളിച്ച് അപമാനിക്കുകയും കള്ള കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാലാണ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി പോന്നതെന്ന് സഹജന് പറയുന്നു. താന്‍ ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യം വ്യക്തമാകുമെന്നും സഹജന് പറഞ്ഞു.
അതേസമയം, സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. ഒരു സ്ത്രീ നല്കിയ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ചു എന്നാണ് പഞ്ചായത്തിന്റെ നിലപാട്.
വീഡിയോ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://fb.watch/3_2DWAjuyB/