വൈപ്പിന്‍: കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കാന്‍ ആരും എത്തിച്ചേരാത്തതിനെ തുടര്‍ന്ന് ഒടുവില്‍ ദൗത്യം ഏറ്റെടുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും മക്കളും. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് വയോധിക കൊവിഡ് ബാധിച്ച് മരിച്ചത്.
വാര്‍ഡില്‍ കൊവിഡ് രോഗികളുടെ സംസ്കാരത്തിനു സഹായിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെല്ലാം ക്വാറന്റീനിലായതിനെ തുടര്‍ന്നാണ് നിര്‍ധന വയോധികയുടെ സംസ്കാരത്തിന് വൈസ് പ്രസിഡന്റ് മിനി രാജുവും മക്കളായ റിച്ചാര്‍ഡ്, റൊണാള്‍ഡ് എന്നിവരും ഇവരുടെ സുഹൃത്ത് റിയാ റോസും രംഗത്തിറങ്ങിയത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മക്കളെയും സുഹൃത്തിനെയും കൂട്ടി മിനി രാജു ആ ജോലി ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ മൃതദേഹം ആംബുലന്‍സില്‍ കയറ്റി മുരുക്കുംപാടം ശ്മശാനത്തിലെത്തിച്ചാണു സംസ്കരിച്ചത്.