കൊച്ചി: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ആവേശം പകരാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് കൊച്ചിയിലെത്തും. ഇന്നലെ തിരുവനന്തപുരത്തെത്തിയ അദ്ദേഹം കേരള പര്യടനത്തിലെ അവസാന പരിപാടിയില്‍ മാധവ ഫാര്‍മസി ജംഗ്ഷന് മുതല്‍ പത്മ ജംക്ഷന് വരെ റോഡ് ഷോ നടത്തും.
ഇരിങ്ങാലക്കുടയില്‍ നിന്നു ഹെലികോപ്ടറില്‍ വൈകിട്ട് 4.50നു മറൈന്‍ ഡ്രൈവ് ഹെലിപ്പാഡിലിറങ്ങുന്ന അദ്ദേഹം കാറില്‍ മാധവ ഫാര്‍മസി ജംഗ്ഷനിലെത്തും. 5.10നാരംഭിക്കുന്ന റോഡ് ഷോ പത്മയില്‍ 6നു സമാപിക്കും. വൈകിട്ട് 6.50നു കൊച്ചി വിമാനത്താവളത്തില്‍നിന്നു രാജ്നാഥ് സിങ് ഡല്‍ഹിക്കു മടങ്ങും. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണു ബിജെപി മുന്‍ അധ്യക്ഷന്‍കൂടിയായ രാജ്നാഥ് സിങ് കേരളത്തില്‍ എത്തുന്നത്.
അതേസമയം, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം 30നു പാലക്കാട്ടെത്തും. കോട്ടമൈതാനത്തു പകല്‍11നു നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പ്രസംഗിക്കും. ജില്ലയിലെ 12 മണ്ഡലങ്ങളിലെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗതിയിലാണ്. സുരക്ഷാ പരിശോധനയും കര്‍ശനമാക്കി.
ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെനിന്നു റോഡ് മാര്‍ഗം സമ്മേളന വേദിയായ കോട്ടമൈതാനത്ത് എത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് അറിയിച്ചിരുന്നു.