തൃപ്പൂണിത്തുറ: പത്രികാ സമര്‍പ്പണ ദിവസം പൂര്ണത്രയീശന് കദളിപ്പഴംകൊണ്ട് തുലാഭാരം നടത്തി തൃപ്പൂണിത്തുറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഭഗവാന് പ്രധാനമായിട്ടുള്ള കദളിപ്പഴം കൊണ്ടുള്ള തുലാഭാരം വഴിപാട് നടത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് കെ ബാബു വ്യാഴാഴ്ച രാവിലെ പത്രികാ സമര്‍പ്പണത്തിനായി കളക്ടറേറ്റിലേക്ക് പോയത്.
80 കിലോഗ്രാം പഴം തുലാഭാരത്തിനായി ഉപയോഗിച്ചു. കാക്കനാട് കളക്ടറേറ്റില്‍ വരണാധികാരി സാജു സെബാസ്റ്റ്യന്‍ മുമ്പാകെയായിരുന്നു അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് നേതാക്കളായ ആര് വേണുഗോപാല്‍, സിറാജുദ്ദീന് എന്നിവരും സ്ഥാനാര്‍ത്ഥിയായ ബാബുവിനൊപ്പം കൂടെയുണ്ടായിരുന്നു.
ഉദയംപേരൂര്‍, ഇടക്കൊച്ചി, സെന്‍ട്രല്‍ മണ്ഡലം കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും കെ ബാബു പങ്കെടുത്തു. ശബരിമല മുന്‍ മേല്‍ശാന്തി ഏഴിക്കോട് ശശി നമ്പൂതിരിയാണ് കെ ബാബുവിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത്.