പെരുമ്പാവൂര്‍: വേനല്‍ ചൂട് കനക്കുമ്പോള്‍, വെയില് അലഞ്ഞുതിരിയുന്ന പക്ഷിമൃഗാദികള്‍ക്ക് ആശ്വാസമേകി ഒരു അധ്യാപകന്. ചൂടില്‍ വെന്തുരുകുന്ന പക്ഷിമൃഗാദികള്‍ക്ക് വെള്ളം നിറച്ച് വയ്ക്കാന്‍ 250 മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്താണ് പള്ളിക്കവല സ്വദേശിയും അധ്യാപകനുമായ കെഎ നൗഷാദ് സമൂഹത്തിന് മാതൃകയാകുന്നത്.
കനത്ത ചൂടില്‍ കഴിഞ്ഞ വര്‍ഷം പക്ഷിമൃഗാദികള്‍ക്ക് വെള്ളം നിറച്ച് വയ്ക്കാന്‍ 500 മണ്മാത്രങ്ങളും 5 ഇനം പച്ചക്കറിവിത്തും അദ്ദേഹം സൗജന്യമായി വിതരണം ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം പള്ളിക്കവല സീതി സാഹിബ് സ്മാരക ജനകീയ വായനശാലയുടെ സഹകരണത്തോടെ 250 മണ്‍പാത്രങ്ങളാണു നൗഷാദ് വിതരണം ചെയ്യുന്നത്.
ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതിനു താല്പര്യമുള്ളവര്ക്ക് സാഹചര്യം ഒരുക്കുകയാണ് തന്റെ കടമ എന്ന് വിശ്വസിക്കുന്നയാളാണ് കെഎ നൗഷാദ്. അതുകൊണ്ടാണ് പ്രകൃതിക്ക് അനുയോജ്യമായതും പക്ഷികള്‍ ഏറെ ഇഷ്ടപ്പെടുന്നതുമായ തണുത്ത ജലം ലഭിക്കുന്നതിനും അനുയോജ്യമായ രീതിയിലുള്ള മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുന്നത്.
എഴുത്തുകാരനായ ശ്രീമന്‍ നമ്പൂതിരി നടപ്പാക്കുന്ന ജീവജലത്തിന് ഒരു മണ്‍പാത്രം എന്ന പദ്ധതിയുടെ ഭാഗമായിട്ടാണിത്. മരച്ചില്ലകളില്‍ കെട്ടിത്തൂക്കിയോ മതിലുകളില്‍ സ്ഥാപിച്ചോ പക്ഷിമൃഗാദികള്‍ക്കായി മണ്പാത്രങ്ങളില് വെള്ളം ഒഴിച്ചു വയ്ക്കാം.