കാലടി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ എന്ജിനുള്ളില് നിന്നു തീയും പുകയും ഉയര്‍ന്നു. യാത്രക്കാരെ വേഗം പുറത്തേക്കിറക്കി, എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ചു തീ അണച്ചു ഡ്രൈവറിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം. പരിഭ്രാന്തി പരത്തിയ സംഭവം ഇങ്ങനെ..
തൊടുപുഴയില്‍ നിന്നു തൃശൂരിലേക്കു പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ വൈകിട്ടു 4.30നായിരുന്നു അപകടം. ബസ് കാലടി പാലത്തിലൂടെ വരുമ്പോള്‍ ബോണറ്റിനുള്ളില്‍ നിന്നു പുക ഉയരാന്‍ തുടങ്ങി. പിന്നെ കരിയുന്ന മണം വന്നു തുടങ്ങിയപ്പോള്‍ പാലം ഇറങ്ങുന്നതിനിടെ ഡ്രൈവര്‍ ബസ് നിര്‍ത്തി.
അപ്പോഴേക്കും ബോണറ്റിനുള്ളില്‍ നിന്നു ചെറിയ തീയും വന്നു തുടങ്ങി. ഡ്രൈവര്‍ വാതില്‍ തുറന്നു യാത്രക്കാരോടു വേഗം പുറത്തേക്കു ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു. തുടര്‍ന്ന് ബസിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം ‘എക്സ്റ്റിംഗ്യൂഷര്‍’ (ഡ്രൈ കെമിക്കല്‍ പൗഡര്‍) ഉപയോഗിച്ചു ഡ്രൈവര്‍ എംബി രഞ്ജിത്ത് തീ അണച്ചു.
കണ്ടക്ടര്‍ ടി നൗഷാദ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അങ്കമാലിയില്‍ നിന്നു അഗ്നിരക്ഷ സേന എത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു. 31 യാത്രക്കാരാണു ബസില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെ വേറെ ബസില്‍ കയറ്റി വിട്ടു. തൊടുപുഴ ഡിപ്പോയിലെ ബസാണിത്. കെഎസ്ആര്‍ടിസി അങ്കമാലി ഡിപ്പോയില്‍ നിന്നു മെക്കാനിക്കുകള്‍ എത്തി ബസ് കൊണ്ടുപോയി.
എന്‍ജിന്റെ സ്റ്റാര്‍ട്ടര്‍ ഭാഗത്ത് എര്‍ത്ത് ഉണ്ടായതായിരിക്കാം തീ പിടിച്ചതിനു കാരണമെന്നു ഡ്രൈവര്‍ രഞ്ജിത്ത് പറഞ്ഞു. തൊടുപുഴ സ്വദേശിയാണു രഞ്ജിത്ത്. കണ്ടക്ടര്‍ നൗഷാദ് കരുനാഗപ്പള്ളി സ്വദേശിയാണ്. ബസില്‍ അഗ്നിശമന ഉപകരണം ഉണ്ടായിരുന്നതും അതു കൃത്യമായി പ്രയോഗിക്കാന്‍ കഴിഞ്ഞതും വലിയ അപകട സാധ്യത ഇല്ലാതാക്കി.