കൊച്ചി: കൊച്ചിയില്‍ ജലഗതാഗതത്തിന് പുത്തനുണര്‍വേകാന്‍ വാട്ടര്‍ മെട്രോ ഒരുങ്ങിക്കഴിഞ്ഞു. വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെര്‍മിനലുകളുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. വൈറ്റില മുതല്‍ കാക്കനാട് വരെയാണ് ആദ്യ റൂട്ട്.
മനുഷ്യനെ കാണാതെയുള്ള വികസനമല്ല, ജനങ്ങളെ ചേര്‍ത്തുപിടിച്ചുള്ള വികസനമാണ് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമാനതകളില്ലാത്ത വികസനമാണു കൊച്ചിയില്‍ നടക്കുന്നത്. അതിലേറ്റവും പ്രധാനം നഗരഗതാഗതത്തിന്റെ പുത്തന്‍ അടയാളമായി മാറിയ കൊച്ചി മെട്രോയാണ്. കനാല്‍ നവീകരണം നടപ്പാക്കുമ്പോള്‍ വീടും സ്ഥലവും നഷ്ടമാകുന്നവര്‍ക്കു പുനരധിവാസത്തിനായി ഭവന സമുച്ചയമാണു നിര്‍മിക്കുന്നത്. കേവല താമസ സൗകര്യം മാത്രമല്ല, സാമൂഹിക-സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ പിടി തോമസ്, എം സ്വരാജ്, ടിജെ വിനോദ്, കൊച്ചി മേയര്‍ എം അനില്‍ കുമാര്‍, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ രമ സന്തോഷ്, ജര്‍മന്‍ അംബാസഡര്‍ വാള്‍ട്ടര്‍ ജെ. ലിന്‍ഡ്നര്‍, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പേട്ടയില്‍ പൂര്‍ത്തിയാക്കിയ പനങ്കുറ്റി പാലത്തിന്റെ ഉദ്ഘാടനവും കനാല്‍ നവീകരണ പദ്ധതിയുടെയും അതിന്റെ ഭാഗമായ പുനരധിവാസ കേന്ദ്രത്തിന്റെയും നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. അതേസമയം, ജല മെട്രോയുടെ ആദ്യ റൂട്ടിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ബോട്ട് ഓടിത്തുടങ്ങുന്നതിനായി ഇനിയും കാത്തിരിക്കേണ്ടി വരും.
ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യുവില്‍ നിന്ന് വായ്പയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിന് ഷിപ്പ്യാര്ഡാണ് ബോട്ടുകള്‍ നിര്‍മിക്കുന്നത്. ആദ്യ ബോട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും യാത്രാ സര്‍വീസിന് അനുമതി ലഭിക്കേണ്ടതുണ്ട്. നാലു മുതല്‍ അഞ്ചാഴ്ചയ്ക്കുള്ളില്‍ ആവശ്യമായ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.
അത്യാധുനികമായ സൗകര്യങ്ങളുള്ളവയായിരിക്കും ബോട്ടുകള്‍. ഫ്ളോട്ടിങ് പോണ്ടൂണുകളാണ് ജല മെട്രോയുടെ ഭാഗമായി അവതരിപ്പിക്കുന്നത്. വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്നതു പോലെയായിരിക്കും ബോട്ടുജെട്ടികള്‍. വെള്ളത്തിന്റെ കുറവ് മൂലം ബോട്ടില്‍ കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഫ്ലോട്ടിങ് പോണ്ടൂണുകള്ക്കാകും.
എയര്‍കണ്ടീഷന്‍ ചെയ്തവയാണ് ബോട്ടുകള്‍. വൈദ്യുതിയിലാണ് ഇവ പ്രവര്‍ത്തിക്കുക. രാജ്യത്തെ ആദ്യ ഭിന്നശേഷി ഗതാഗത സംവിധാനമായി ജല മെട്രോ മാറുമെന്ന് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. 38 ടെര്‍മിനലുകളാണ് ജല മെട്രോയുടെ ഭാഗമായി ഉദ്ദേശിക്കുന്നത്. 78 ബോട്ടുകളുണ്ടാകും. കൊച്ചിയോട് ചേര്‍ന്നുകിടക്കുന്ന പത്ത് ദ്വീപുകളെയാണ് ആദ്യഘട്ടത്തില്‍ നഗരവുമായി ബന്ധിപ്പിക്കുന്നത്. വൈറ്റിലയില്‍നിന്ന് കാക്കനാട്ടേക്കുള്ള സര്‍വീസ് പിന്നീട് ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി ഭാഗത്തേക്കും വ്യാപിപ്പിക്കും. 747 കോടി രൂപയാണ് വാട്ടര്‍ മെട്രോയുടെ പദ്ധതിച്ചെലവ് കണക്കാക്കുന്നത്.