കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്നു ഫോട്ടോയെടുക്കുകയും ചെയ്ത സംഭവത്തില്‍ 2 പോലീസുകാര്‍ക്ക് സസ്പെന്ഷന്. കല്ലൂര്‍ക്കാട് എഎസ്ഐ ബിജു, റൂറല്‍ എച്ച്ക്യു ക്യാമ്പിലെ സിപിഒ സില്‍ജന്‍ എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്.
ഐശ്വര്യ കേരളയാത്രയുമായി നഗരത്തിലെത്തിയപ്പോഴാണു പോലീസുകാര്‍ കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചത്. സംഭവത്തില്‍ ഇവരും സിറ്റി പോലീസ് ജില്ലയിലെ 3 പോലീസുകാരും ചട്ടലംഘനം നടത്തിയതായി സിറ്റി പോലീസ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ബിജുവിനും സില്ജനും പുറമെ സിറ്റി ജില്ലാ ആസ്ഥാനത്തെ എഎസ്ഐ ജോസ് ആന്റണി, സിറ്റി കണ്ട്രോള് റൂം എഎസ്ഐ ഷിബു ചെറിയാന്, സിറ്റി എച്ച്ക്യു ക്യാംപിലെ സിപിഒ ദിലീപ് സദാനന്ദന് എന്നിവര്‍ക്കെതിരെയാണു റിപ്പോര്‍ട്ട്.
വ്യാഴം രാത്രി 11ന് എറണാകുളം ഗെസ്റ്റ് ഹൗസിലാണു പോലീസുകാര്‍ നേതാക്കളെ കണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രമേശ് ചെന്നിത്തലയെ ബിജുവും മറ്റു പോലീസുകാരും ചേര്‍ന്നു ഷാള്‍ അണിയിക്കുന്നതും കെപിസിസി പ്രസിഡന്റിനൊപ്പം നില്ക്കുന്നതുമായ ഫോട്ടോകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണു സിറ്റി പോലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു അന്വേഷണത്തിന് ഉത്തരവിട്ടത്.
കേരള പോലീസ് അസോസിയേഷന് സിറ്റി, റൂറല്‍ ജില്ലാ മുന്‍ ഭാരവാഹികളാണ് 5 പൊലീസുകാരും. അതേസമയം, പോലീസുകാര്‍ ചെയ്തതില്‍ തെറ്റില്ലെന്നാണു സേനയിലെ യുഡിഎഫ് അനുകൂലികളുടെ വാദം.
പോലീസുകാര്‍ ഡ്യൂട്ടി സമയം കഴിഞ്ഞാണു ഗെസ്റ്റ് ഹൗസില്‍ ചെന്നു നേതാക്കളെ കണ്ടതെന്നും പ്രതിപക്ഷനേതാവ് ഭരണഘടനാ സ്ഥാനം വഹിക്കുന്ന ജനപ്രതിനിധിയാണ്. അദ്ദേഹത്തെ ഷാള്‍ അണിയിക്കുന്നതിലെന്താണു തെറ്റ്, നിയമവശം പരിശോധിച്ചു തുടര്‍ നടപടിയെടുക്കുെന്നും അവര്‍ അറിയിച്ചു.