മൂവാറ്റുപുഴ: വഴിയോരങ്ങളില്‍ നിന്നും മത്സ്യങ്ങള്‍ വിലകുറച്ചു കിട്ടുമ്പോള്‍ ഇനി സൂക്ഷിക്കണം. പ്രത്യേകിച്ചു അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും വാങ്ങുമ്പോള്‍ ഒന്നുകൂടി ചിന്തിക്കണം. മൂവാറ്റുപുഴയാറില്‍ രാസവസ്തുക്കള്‍ കലര്‍ത്തി മത്സ്യബന്ധനം നടത്തിയ നാടോടിസംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ചു പോലീസില്‍ ഏല്‍പ്പിച്ചു.
കര്‍ണാടകയില്‍ നിന്നെത്തി മൂവാറ്റുപുഴ മേഖലയില്‍ തമ്പടിച്ചിരിക്കുന്ന നാടോടി സംഘമാണ് നദിയില്‍ രാസപദാര്‍ഥങ്ങള്‍ അടങ്ങിയ മിശ്രിതം കലര്‍ത്തി മീന്‍പിടിക്കുന്നത്. ആദ്യം മിശ്രിതം വെള്ളത്തില്‍ നിക്ഷേപിക്കും. പിന്നീട് മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം ചത്തു പൊങ്ങുന്ന മീനുകളെ കുട്ടവഞ്ചി തുഴഞ്ഞ് എത്തി വലയില്‍ ശേഖരിക്കും.
രാസവസ്തുക്കള്‍ കലക്കി മീന്‍ പിടിക്കുന്നതിനാല്‍ ചെറുമീനുകളും മറ്റു ജലജീവികളും വലിയതോതില്‍ നശിക്കുന്നതായി പരിസ്ഥിതി സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുറിക്കല്‍ പാലത്തിനു സമീപം ഇത്തരത്തില്‍ മീന്‍ പിടിക്കുന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞത്.
വലിയ മീനുകളെ മാത്രം ശേഖരിച്ച് ബാക്കിയുള്ളവയെ ആറ്റില്‍ ഉപേക്ഷിച്ചാണ് സംഘം മടങ്ങുന്നത്. പിടികൂടുന്ന മീന്‍ റോഡരികിലും മറ്റും നിരത്തിയിട്ടു വില്പന നടത്തുകയാണ് രീതി. വില കുറച്ചു നല്കുന്നതിനാല് അതിവേഗം മീന്‍ വിറ്റു തീരും. മുന്‍വര്‍ഷങ്ങളിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘം ഇത്തരത്തില്‍ മീന്‍പിടിത്തം നടത്തിയിരുന്നു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് സംഘത്തെ തടയുകയായിരുന്നു.
കീടനാശിനിയും തുരിശും മണ്ണെണ്ണയും കലര്‍ന്ന മിശ്രിതമാണ് ഇവര്‍ വെള്ളത്തില്‍ കലര്‍ത്തുന്നത്. വിഷം കലര്‍ത്തിയാല്‍ അധികം താമസിയാതെ മത്സ്യങ്ങളുടെ കാഴ്ച നഷ്ടപ്പെടുമെന്നും ചുവന്നു പൊട്ടുമെന്നും പറയുന്നു. രാസപദാര്‍ഥങ്ങള്‍ കലക്കി മീന്‍പിടിക്കുന്നത് ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഓരോ ദിവസവും മീന്‍പിടിക്കുന്ന സ്ഥലം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവരെ കണ്ടെത്തി മുന്നറിയിപ്പു നല്കാന് കഴിയുന്നില്ലെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.