കൊച്ചി: ഇംപ്രസാരിയോ മിസ് കേരള 2020 സൗന്ദര്യ മത്സരത്തില്‍ ജേതാവായി കൊച്ചിക്കാരി എറിന് ലിസ് ജോണ്‍. കണ്ണൂര്‍ സ്വദേശികളായ ആതിര രാജീവ് ഫസ്റ്റ് റണ്ണറപ്പും അശ്വതി നമ്പ്യാര്‍ സെക്കന്റ് റണ്ണറപ്പുമായി. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു ഡിജിറ്റലായാണ് ഇത്തവണ മത്സരം നടത്തിയത്.
അമേരിക്കയില്‍ സ്ഥിരതാമസമായ കണ്ണൂര്‍ സ്വദേശിനിയാണ് ആതിര രാജീവ്. കണ്ണൂരില്‍ നിന്നുള്ള മെക്കാനിക്കല്‍ എഞ്ചിനിയര്‍ അശ്വതി നമ്പ്യാരാണ് രണ്ടാം റണ്ണറപ്പായത്. കാഴ്ചക്കാരില്ലാതെ ഓണ്‍ലൈനില്‍ നടന്ന ആവേശകരമായ മത്സരത്തിലാണ് വിജയികള്‍ കിരീടം ചൂടിയത്. ആദ്യമായാണ് മിസ് കേരള മത്സരം ഓണ്‍ലൈനായി നടക്കുന്നത്. 45 മത്സരാര്‍ത്ഥികളാണ് ഇത്തവണ മത്സരിച്ചത്.
മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട എറിന് ലിസ് ജോണ്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. അച്ഛന് ഡോ. ടിആര്‍ ജോണ്‍ ആസ്റ്റര്‍ മെഡ് സിറ്റിയിലും അമ്മ ഡോ. രേഖ സക്കറിയ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ജോലി ചെയ്യുന്നു. നാല് റൗണ്ടുകളായി നടന്ന മത്സരത്തില്‍ അവസാന റൗണ്ടില്‍ പതിനൊന്ന് മത്സരാര്‍ത്ഥികളാണ് മിസ് കേരള പട്ടത്തിനായി മാറ്റുരച്ചത്.
എത്ത്നിക്, അറ്റ്മാന്‍, ബാസ്ക്, കേരളീയം തുടങ്ങിയവയായിരുന്നു മത്സരത്തിലെ നാല് റൗണ്ടുകള്‍. സിനിമാ താരങ്ങളായ സിജോയ് വര്‍ഗീസ്, രാജീവ് പിള്ള, സിജ റോസ്, അന്താരാഷ്ട്ര ഗ്രൂമര്‍ ന്യൂട്ടന് മനോഹര്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. രഞ്ജിനി ഹരിദാസ്, റിമ കല്ലിങ്കല്‍, ദീപ്തി സതി, ഗായത്രി സുരേഷ് തുടങ്ങിയ നിരവധി പേര് മിസ് കേരളയിലൂടെ സിനിമാലോകത്ത് രംഗപ്രവേശം ചെയ്തവരാണ്.
കോവിഡ് വ്യാപകമായതോടെയാണ് മത്സരത്തിന് ഡിജിറ്റല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മിസ് കേരള സംഘാടകരായ ഇംപ്രസാരിയോ തീരുമാനിച്ചത്. മത്സരം ഡിജിറ്റല്‍ ആയതോടെ ലോകമെമ്പാടുമുള്ള മത്സരാത്ഥികള്‍ക്കു പങ്കെടുക്കാനുള്ള വേദി കൂടിയായി 2020 എഡിഷന് മാറി.