ആലുവ: കവലകള്‍ വിട്ട് ഫേസ്ബുക്കില്‍ കുടിയേറിയ കല്യാണം മുടക്കികളെ തേടി പോലീസ്. എറണാകുളം റൂറല്‍ ജില്ലയില്‍ കല്ല്യാണം മുടക്കികള്‍ക്കെതിരെ നിരവധി കേസുകളാണ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചിരിക്കുന്നത്. വിവാഹം നിശ്ചയിച്ചിരിക്കുന്നവരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.
പ്രധാനമായും പെണ്‍കുട്ടികള്‍ക്കാണ് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാകുന്നത്. പ്രൊഫൈല്‍ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് അതേ വിശേഷങ്ങള്‍ ചേര്‍ത്ത് ഒറിജിനലിനെ വെല്ലുന്ന പോസ്റ്റുകളാണ് ഇടുന്നത്. ജനനത്തീയതിയടക്കം എല്ലാ വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ലഭ്യമാണെന്നിരിക്കെ വ്യക്തി വിവരങ്ങളും കൃത്യമായിരിക്കും.
കല്യാണം നിശ്ചയിച്ചിരിക്കുന്ന വരന്റെയോ വധുവിന്റെയോ ഫേസ്ബുക്ക് അക്കൗണ്ടില്‍ കയറി വ്യാജ പ്രൊഫൈലിലൂടെ അതിരുകടന്ന് കമന്റ് ചെയ്യുന്നതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ചിലര്‍ ഇക്കാരണത്താല്‍ വിവാഹാലോചന ഉപേക്ഷിക്കുകയും ചെയ്യും. സംശയം തോന്നുന്നവര്‍ തുറന്നു സംസാരിച്ചാല്‍ മാത്രമേ ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് കാര്യം മനസിലാക്കി സത്യാവസ്ഥ പറയാനാകൂ.
കമന്റുകള്‍ പറയാനായി ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ കാര്യം കഴിഞ്ഞ് ഉപേക്ഷിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. അതിനാല്‍ സംശയം തോന്നുന്ന പോസ്റ്റുകളുടെ ലിങ്ക് കോപ്പി ചെയ്ത് സൂക്ഷിക്കാനാണ് റൂറല്‍ പോലീസ് നിര്‍ദേശിക്കുന്നത്. പരാതിയോടൊപ്പം സ്ക്രീന്‍ ഷോട്ടും വയ്ക്കണം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കുറ്റവാളികളെ കണ്ടെത്താനാകുമെന്ന് റൂറല്‍ പോലീസ് അറിയിച്ചു.