അങ്കമാലി: നമ്മള് മൊബൈലില്‍ എടുക്കാറുള്ള ഫോട്ടൊകള്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത് സാധാരണയാണ്. എന്നാല്‍ എഡിറ്റിങ്ങിലൂടെ ഫോട്ടോകളില്‍ മാറ്റം വരുത്തി ലക്ഷങ്ങല്‍ വരുമാനം നേടുന്ന ഒരു യുവാവ് ഉണ്ട് അങ്കമാലി കറുകുറ്റിയില്‍. ഫോട്ടോകളില്‍ രൂപമാറ്റം വരുത്തി ജീവിതത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ജീവന്.
മോട്ടര്‍സൈക്കിള്‍ ഭ്രമം ജീവനായി കരുതുന്ന ജീവന്. കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ് കോളജിലെ അനിമേഷന്‍ ആന്‍ഡ് ഡിസൈനിങ് വിദ്യാര്‍ഥിയാണ്. കോളജ് പഠനത്തിനുള്ള ചെലവുകളും സെമസ്റ്റര്‍ ഫീസുമെല്ലാം ഇങ്ങനെയാണ് ജീവന് നേടിയെടുത്തത്. മാത്രമല്ല 1.80 ലക്ഷം രൂപ വിലയുള്ള ബൈക്കും ഈ വരുമാനത്തിലൂടെ സമ്പാദിച്ചു.
സ്കൂള്‍ തലം മുതല്‍ ചിത്രരചനയില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയ അച്ഛന് സാജുവിന്റെ പാതയില്‍ നിന്നു പുതിയ കാലത്തിലെ കംപ്യൂട്ടര്‍ ചിത്രരചനാ സംവിധാനത്തിലേക്ക് ചുവടുമാറ്റിയാണ് ജീവന് പഠനത്തിനിടെ സ്വയംതൊഴില്‍ കണ്ടെത്തിയത്. രൂപമാറ്റം വരുത്തിയ ഫോട്ടോകള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലിട്ടു തുടക്കത്തില്‍ സുഹൃത്തുക്കളുടെ ലൈക്കുകള്‍ നേടിയാണ് ജീവന്റെ തുടക്കം.
പിന്നീട് സമൂഹമാധ്യമ അക്കൗണ്ട് ഉപയോഗിക്കുന്ന ആരോ ഒരാള്‍ തനിക്ക് രൂപമാറ്റം വരുത്തി ഒരു ചിത്രം നല്‍കാമോ എന്ന ചോദ്യം ചോദിച്ചതോടെയാണ് ഇത് ഉഷാറാക്കാമെന്ന് തീരുമാനിച്ചത്. സ്വയം എടുത്ത ഒട്ടേറെ ചിത്രങ്ങളും അതോടൊപ്പം വിദേശത്തു നിന്നു ‘കസ്റ്റമര്‍മാര്‍’ അയച്ചു തരുന്ന ചിത്രങ്ങളും സംയോജിപ്പിച്ച് വര്‍ക്കുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി.
ഓരോ രാജ്യക്കാരും അയച്ചുതരുന്ന ചിത്രങ്ങളില്‍ എന്തൊക്കെ പശ്ചാത്തലം വേണമെന്ന് അവരുടെ സന്ദേശങ്ങളില്‍ നിന്നു മനസ്സിലാക്കും. 10 മുതല്‍ 15 യൂറോ വരെയാണ് പ്രതിഫലമായി കൈപ്പറ്റുക. പലരും കലണ്ടറായും ടേബിള്‍ ടോപ്പ് ചിത്രങ്ങളായും സമൂഹമാധ്യമ അക്കൗണ്ടുകളുടെ കവര്‍ ആയുമൊക്കെ ഇത് ഉപയോഗിക്കുന്നു. ചിത്രങ്ങള്‍ കാണാന്‍ motographer_kid_ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സന്ദര്‍ശിച്ചാല്‍ മതി.