പറവൂര്‍: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി യുവതിയുടെ കാലിനു ഗുരുതരമായി പരിക്കേറ്റു. മന്നം വലിയപറമ്പില്‍ അര്‍ഷാദിന്റെ ഭാര്യ സെക്കീന (21)യ്ക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ 7.45നു സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണു സംഭവം.
ബസുകള്‍ സ്റ്റാന്‍ഡില്‍ നിന്നു പുറത്തേക്കിറങ്ങുന്ന വഴിയിലൂടെ സ്റ്റാന്‍ഡിന് അകത്തേക്കു പ്രവേശിച്ചതാണ് അപകടത്തിന് കാരണം. പറവൂര്‍ – എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘കേദാര്‍നാഥ്’ എന്ന ബസ്സാണ് അപകടത്തിനിടയാക്കിയത്.
നടന്നുപോയ സെക്കീനയുടെ ദേഹത്ത് ബസ് തട്ടിയതിനെത്തുടര്‍ന്നു സെക്കീന റോഡില്‍ വീഴുകയും തുടര്‍ന്ന് ബസിന്റെ പിന്‍ചക്രം ഇടതു കാലിലൂടെ കയറിയിറങ്ങുകയുമായിരുന്നു. നാട്ടുകാര്‍ സെക്കീനയെ ആശുപത്രിയില്‍ എത്തിച്ചു.
കാല് ചതഞ്ഞ നിലയിലാണ്. ഇന്നു ശസ്ത്രക്രിയ നടത്തും. കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന സെക്കീന ജോലിക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. ബസ് ഡ്രൈവറുടെ അലംഭാവമാണു സെക്കീന എന്ന യുവതിയുടെ കാല്പാദത്തിനു ഗുരുതരമായി പരുക്കേല്‍ക്കാന്‍ കാരണമായത്.
അതേസമയം, തെരഞ്ഞെടുപ്പു ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന ദമ്പതികള്‍ ഉള്‍പ്പെടെ മൂവര്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. റോഡിലെ നടപ്പാത വേലിയും വൈദ്യുത പോസ്റ്റും ഇടിച്ചു തകര്‍ത്തു കാര്‍ നിശ്ശേഷം തകര്‍ന്നു. യാത്രികര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്നിന് എംസി റോഡില്‍ കുളക്കട ക്ഷീരോല്പാദക സംഘത്തിനു സമീപത്തായിരുന്നു അപകടം.
നെയ്യാറ്റിന്‍കര ഇരുമ്പില്‍ സ്വദേശികളായ സുബിന് (39), ഭാര്യ രമ്യ (29), ഇവരുടെ സുഹൃത്ത് ഷിബു (42) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഷിബുവിന്റെ വാരിയെല്ലിനു പൊട്ടലുണ്ട്. സുബിനും ഭാര്യയ്ക്കും തലയ്ക്കും ശരീരമാസകലവും പരുക്കുണ്ട്. മൂവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതവേഗത്തില്‍ എതിരെ വന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റ് ഡിം ചെയ്യാതിരുന്നത് ആണ് അപകട കാരണം.