കോതമംഗലം: തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് പിടിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ നേട്ടോട്ടമോടുമ്പോള്‍ ഇലക്ഷന് പ്രചരണത്തിന് ഇറങ്ങാതെ, വോട്ടര്‍മാരോട് വോട്ട് ചോദിക്കാതെ ജയിച്ച ചരിത്രം എജി ജോര്‍ജിന് മാത്രം സ്വന്തം. മാതിരപ്പിള്ളി ചെലവും കൂടിയില്‍ എജി ജോര്‍ജ് എന്ന നാട്ടുകാരുടെ എജി ഇല്ലാതെ കോതമംഗലം നഗരസഭയില്‍ കൗണ്‍സില്‍ ഉണ്ടായിട്ടില്ല.
നഗരസഭ രൂപീകൃതമായ 1988 മുതല്‍ കൗണ്‍സിലര്‍. 32 വര്‍ഷം പിന്നിടുമ്പോള്‍ ചെയര്മാന് ,വൈസ് ചെയര്മാന്, സ്ഥിരം സമിതി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങളിലുമെത്തി. മത്സര രംഗത്തു നിന്നു പിന്മാറിയിട്ടും ജനങ്ങള്‍ എജിയെ ജയിപ്പിച്ചിട്ടേ ഉള്ളൂ.
രണ്ടായിരം ആണ്ടില്‍ കോതമംഗലം മുനിസിപ്പാലിറ്റിയിലെ 20-ാം വാര്‍ഡില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയതിന് ശേഷം വാര്‍ഡ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കി. പിന്‍വലിക്കേണ്ട സമയം കഴിഞ്ഞാണ് ധാരണയുണ്ടായത്. പിന്നീട് നോട്ടീസ് അടിച്ച് മത്സര രംഗത്തു നിന്നു പിന്മാറിയെങ്കിലും ബാലറ്റില്‍ ജോര്‍ജിന്റെ പേരുണ്ടായിരുന്നു. എണ്ണിയപ്പോള്‍ 150 വോട്ട് ഭൂരിപക്ഷം ജോര്‍ജിന് ലഭിച്ചു. അങ്ങിനെ ഇലക്ഷന് പ്രചരണത്തിന് ഇറങ്ങാതെയും വോട്ടര്‍മാരോ വോട്ട് ചോദിക്കാതെയും എജി ജോര്‍ജ് വിജയിച്ചു.
അന്ന് ജയിച്ച അതേ വാര്‍ഡില്‍ തന്നെയാണ് ഇത്തവണയും എജി ജനവിധി തേടുന്നത്. കോതമംഗലം മുനിസിപ്പാലിറ്റിയിലെ 20-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അങ്കത്തിന് ഒരുങ്ങുകയാണ്. ആറ് പ്രാവശ്യവും ആറ് വാര്‍ഡില്‍ നിന്ന് മത്സരിച്ച് നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുന്ന എജിക്ക് ഇത് ഏഴാമത്തെ മത്സരം കൂടിയാണ്. പത്ത് വര്‍ഷമായി എല്‍ഡിഎഫ് വിജയിച്ച് വരുന്ന വാര്‍ഡിലാണ് എജി മത്സരിക്കുന്നത്.
2000 ത്തില്‍ മത്സര രംഗത്ത് നിന്ന് പിന്മാറിയ തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ ഇത്തവണ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നിധിന് കുര്യന് ഇത് കന്നിയങ്കമാണ്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വന്നയാളാണ് നിധിന്. 28 വര്‍ഷമായി മാതിരപ്പിള്ളി സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡണ്ടാണ് ഡിസിസി ജനറല്‍ സെക്രട്ടറിയായ എജി ജോര്‍ജ്.