എറണാകുളം: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വന്‍ തട്ടിപ്പ് നടത്തുന്ന സംഘം പോലീസ് പിടിയില്‍. മുന്നൂറിലധികം പേരില്‍ നിന്നായി നാലരക്കോടി രൂപ തട്ടിയെടുത്ത മൂവര്‍ സംഘമാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ജിജിമോന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഒരു സ്ത്രീ അടക്കം മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി തൊടുപുഴ സ്വദേശി ആദര്ശന് ജോസ്, കോട്ടയം കൈപ്പുഴ സ്വദേശി വിന്‍സന്റ് മാത്യു, ഒറ്റപ്പാലം സ്വദേശിനി പ്രിന്‍സി ജോണ്‍ എന്നിവരാണ് അറസ്റ്റിലായത്.
പനമ്പിളളി നഗറില്‍ ജോര്‍ജ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ മാന്‍ പവര്‍ റിക്രൂട്ട്മെന്റ് ഏജന്‍സി എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. കുവൈറ്റിലേക്കും ഷാര്‍ജയിലേക്കും നഴ്സിംഗ്, ലാബ് ടെക്നീഷ്യന് ഉള്‍പ്പെടെ വിവിധജോലികള്‍ തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് മുന്നൂറിലധികം പേരില്‍ നിന്നായി നാലരക്കോടി രൂപയോളമാണ് ഇവര്‍ തട്ടിയെടുത്തത്.
പത്രത്തില്‍ പരസ്യം നല്‍കിയാണ് ഇവര്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. പണം വാങ്ങിയ ശേഷം വിസ ശരിയാക്കി കൊടുക്കാതെയും പണം തിരികെ നല്‍കാതെയും കബളിപ്പിക്കുകയായിരുന്നു. പിന്നീട് നിരവധി പേര് പരാതിയുമായി എത്തിയതോടെ സ്ഥാപനം പൂട്ടി മൂവരും മുങ്ങി. ഒളിവില്‍ പോയ സംഘം കാറില്‍ പല സ്ഥലങ്ങളിലായി മാസ്ക് ധരിച്ച് മാസ്ക് കച്ചവടം നടത്തി വരികയായിരുന്നു.
സബ് ഇന്‍സ്പെക്ടര്‍മാരായ അരുണ്‍ കുമാര്‍, ബിനോയ് സുമിത്ര, വിജി അനില്‍, ജോസി, ബിനു, സീനിയര്‍ സിപിഒമാരായ ദിനില്‍ ഹരി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ പിടിയിലായതിന് പിന്നാലെ ഇവരില്‍ നിന്നും സമാന തട്ടിപ്പിനിരയായ കൂടുതല്‍ പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.