ചേര്‍ത്തല: പട്ടാപ്പകല്‍ വീട്ടില്‍ക്കയറി കത്തികാട്ടി സ്വര്‍ണം കവര്‍ന്നു. ചേര്‍ത്തല നഗരസഭ 34-ാം വാര്‍ഡ് കുറ്റിക്കാട്ട് കവലയില്‍ മാച്ചാന്തറ സജീവിന്റെ വീട്ടില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം.
സജീവിന്റെ മകള്‍ അനന്തലക്ഷ്മിയുടെ പക്കല്‍ നിന്നാണ് മാല കവര്‍ന്നത്. അലമാരയില്‍ നിന്നും പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാലകള്‍ കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെടുന്നതിനിടെ, പെണ്‍കുട്ടി ഒരു മാലയുടെ ഭാഗങ്ങള്‍ പൊട്ടിച്ചെടുത്തു.
സംഭവസമയം സജീവിന്റെ അമ്മ ബേബി കുളിക്കുകയായിരുന്നു. വേറെ ആരും വീട്ടിലുണ്ടായിരുന്നില്ല. കറുത്ത പാന്റ്സും നീല ഷര്‍ട്ടും മാസ്ക്കും ധരിച്ച മെലിഞ്ഞയാള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയെത്തി. സ്വീകരണമുറിയില്‍ ഇരുന്ന അനന്തലക്ഷ്മിക്കു നേരെ കത്തിവീശി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കഴുത്തിലെ മാല കത്തികാട്ടി പൊട്ടിച്ചെടുക്കുകയായിരുന്നു.
തുടര്‍ന്ന് അലമാര ഇരിക്കുന്ന മുറി ചോദിച്ചു. കിടപ്പുമുറിയിലെത്തിച്ച് അലമാര തുറക്കാന്‍ ആവശ്യപ്പെട്ടു. തുറന്ന അലമാരയിലെ വസ്ത്രങ്ങളെല്ലാം മോഷ്ടാവ് വലിച്ചിട്ടു. ലോക്കര്‍ തുറപ്പിച്ച് ബേബിയുടെ 4 പവന്റെ മാല കൈക്കലാക്കി. പുറത്തേക്കു നടക്കുമ്പോള്‍ മോഷ്ടാവിന്റെ കയ്യില്‍ നിന്നു മാല പിടിച്ചുവാങ്ങാന്‍ അനന്തലക്ഷ്മി ബലപ്രയോഗം നടത്തിയെങ്കിലും ചെറിയൊരു ഭാഗം മാത്രമാണ് കിട്ടിയത്. തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
ചേര്‍ത്തല പോലീസ് സ്ഥലത്തെത്തി, അന്വേഷണം ആരംഭിച്ചു. സിസി ടിവി ക്യാമറകള്‍, ഫോണ്‍വിളി പരിശോധന തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അന്വേഷണം പുരോഗമിക്കുകയാണ്.