അമ്പലപ്പുഴ: ആഘോഷങ്ങളും ആരവങ്ങളും ഇല്ല, പിപിഇ കിറ്റ് ധരിച്ചെത്തിയ വധുവിന് വരന് താലി ചാര്‍ത്തി. വേറിട്ട വിവാഹത്തിന് വേദിയായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡ്.
പള്ളാത്തുരുത്തി സ്വദേശിയ ശരത്തും തെക്കനാര്യാട് സ്വദേശിനി അഭിരാമിയുമാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കൊവിഡ് വാര്‍ഡിലെ പ്രത്യേക മുറിയില്‍ വിവാഹിതരായത്. വിവാഹ ശേഷം വധു ബന്ധുവിന്റെ വീട്ടിലേക്കുമടങ്ങി. വരന് കൊവിഡ് വാര്‍ഡിലേക്കും.
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് ഏതാനും ദിവസം മുന്‍പ് വരനും മാതാവിനും കൊവിഡ് ബാധിച്ചെങ്കിലും മുഹൂര്‍ത്തം തെറ്റാതെ ചടങ്ങു നടത്താനുള്ള ഇരുവീട്ടുകാരുടെയും തീരുമാനമാണു കൊവിഡ് വാര്‍ഡിലെ വേറിട്ട വിവാഹത്തിന് വഴിയൊരുക്കിയത്.
പള്ളാത്തുരുത്തി 25-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗം സെക്രട്ടറി കൈനകരി ഓണംപള്ളി എന്‍.ശശിധരന്റെയും ജിജിമോളുടെയും മകനാണ് ശരത്ത്. അഭിരാമി തെക്കനാര്യാട് പ്ലാംപറമ്പില്‍ സുജിയുടെയും കുസുമത്തിന്റെയും മകളും.
ഖത്തറിലാണ് ശരത്തിന് ജോലി. ഒരു കൊല്ലം മുന്‍പ് ഇരുവീട്ടുകാരും വിവാഹത്തിന് തീരുമാനിച്ചെങ്കിലും ശരത്തിന് നാട്ടിലെത്താന്‍ കഴിയാത്തതിനാല്‍ നീണ്ടുപോയി. കഴിഞ്ഞമാസം 22-നാണ് നാട്ടിലെത്തിയത്. പത്തുദിവസം ക്വാറന്റീനില്‍ കഴിഞ്ഞശേഷം പരിശോധിച്ച് നെഗറ്റീവാണെന്ന് ഉറപ്പാക്കി.
പക്ഷെ ബുധനാഴ്ച വൈകീട്ടാണ് ശരത്തിനും അമ്മയ്ക്കും ശ്വാസം മുട്ടലുണ്ടായി തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയത്. പരിശോധനയില്‍ ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് അധികൃതരുടെ അനുമതി വാങ്ങി കൊവിഡ് വാര്‍ഡില്‍വെച്ച് കല്യാണം നടത്താന്‍ തീരുമാനിച്ചത്.