മുതുകുളം: ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച വീടും വസ്തുവും നിര്‍ധനകുടുംബത്തിന് കൈമാറി ശാന്തി. സിവില്ടെക് കണ്‍സ്ട്രക്ഷന്‍സ് ഉടമയായിരുന്ന കണ്ടല്ലൂര്‍ വടക്ക് അനുഗ്രഹ വീട്ടില്‍ വിനോദ്കുമാറിന്റെ ഓര്‍മയ്ക്കായി നിര്‍മ്മിച്ച വീടും വസ്തുവുമാണ് വിനോദ്കുമാറിന്റെ ഭാര്യ ശാന്തി നിര്‍ധനകുടുംബത്തിന് നല്‍കിയത്.
കണ്ണമ്പള്ളിഭാഗം വേരാളിത്തറ കിഴക്കതില്‍ കൃഷ്ണകലയ്ക്കും കുടുംബത്തിനും മൂന്നുസെന്റ് വസ്തുവും 425-ചതുരശ്രയടി വിസ്തീര്‍ണവുമുള്ള വീടും വിഷുസമ്മാനമായി നല്‍കിയത്. വീടില്ലാത്തവരില്നിന്നു ലഭിച്ച അപേക്ഷകളില്‍നിന്നാണ് ഈ കുടുംബത്തെ തെരഞ്ഞെടുത്തത്. ശാന്തി വിനോദും ചെറുമകള്‍ ധ്വനി ധരീഷും ചേര്‍ന്ന് താക്കോല്‍ദാനം നിര്‍വഹിച്ചു.
യു പ്രതിഭ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റുമാരായ തയ്യില്‍ പ്രസന്നകുമാരി, ഉഷ, ജില്ലാ പഞ്ചായത്തംഗം കെജി. സന്തോഷ്, സുനില്‍ കൊപ്പാറേത്ത്, എന്‍. സുകുമാരപിള്ള, സുരേഷ് രാമനാമഠം, ജയന്, അഭിലാഷ്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.