കായംകുളം: എല്ലാവരും വാഹനം മുന്നോട്ട് ഓടിക്കുമ്പോള്‍, പതിവില്‍ നിന്നും വ്യത്യസ്തമായി ബൈക്ക് പിന്നോട്ട് ഓടിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കി കായംകുളംകാരന്‍ പ്രദീപ്. കായംകുളം പുതിയവിള സ്വദേശിയായ ഹവില്‍ദാര്‍ എസ്എസ് പ്രദീപ് (39) ആണ് അഭിമാനനേട്ടം സ്വന്തമാക്കിയത്.
ബംഗളൂരുവില്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കുന്ന പ്രദീപ്, മോട്ടര്‍ ബൈക്കില്‍ പിന്നിലേക്ക് തിരിഞ്ഞിരുന്ന് ഹാന്‍ഡിലില്‍ പിടിക്കാതെ 204.4 കിലോമീറ്റര്‍ 4 മണിക്കൂറും 47 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കിയാണ് ഇന്റര്‍നാഷനല്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. കഴിഞ്ഞ നവംബര്‍ 20ന് ബംഗളൂരു ആര്‍മി സര്‍വീസ് കോര്‍പ്സ് (എഎസ്സി) സെന്റര്‍ മൈതാനത്താണ് പ്രദീപ് അഭ്യാസ പ്രകടനം നടത്തി റെക്കോര്‍ഡിട്ടത്.
2000ല്‍ സൈന്യത്തില്‍ ചേര്‍ന്ന മുതല്‍ പ്രദീപ് സൈന്യത്തിന്റെ ബൈക്ക് ക്ലബ്ബില്‍ അംഗമായിരുന്നു. 2001 മുതല്‍ ടൊര്‍ണാഡോ ടീമില്‍ അംഗമായിരുന്ന പ്രദീപ് ഒട്ടേറെ പരേഡുകളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. പിന്നീടാണ് തിരിച്ച് ബൈക്ക് ഓടിക്കാനുള്ള ആശയം ഉടലെടുത്തത്.
കണ്ടല്ലൂര്‍ പുതിയവിള പ്രസാദ് ഭവനത്തില്‍ ശിവദാസന്റെയും രത്നമ്മയുടെയും മകനാണ് പ്രദീപ്. ബംഗളൂരുവില്‍ സ്കൂളില്‍ അധ്യാപികയായ നിഷ ഭാര്യയും തീര്‍ത്ഥ മകളുമാണ്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും യുണീക്ക് റെക്കോര്‍ഡ്സിലും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
202 കിലോമീറ്റര്‍ നാലര മണിക്കൂര്‍ കൊണ്ട് താണ്ടിയ മിലിട്ടറി ഉദ്യോഗസ്ഥനായ വടക്കേ ഇന്ത്യക്കാരന്റെ പേരിലാണ് ഗിന്നസ് റെക്കോര്‍ഡുള്ളത്. ഇതും പ്രദീപ് മറികടന്നു.