ആലപ്പുഴ: മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഒട്ടേറെപ്പേര്‍ക്ക് കൈത്താങ്ങും ആശ്വാസവുമായി. ലജ്നത്തുല്‍ മുഹമ്മദിയ സ്കൂളിലായിരുന്നു അദാലത്ത് സംഘടിപ്പിച്ചത്.
സ്കൂളിനു മുന്നിലൂടെ പോയ ഭിന്നശേഷിക്കാരിയായ ഖദീജയ്ക്ക്, കഴിയുമെങ്കില്‍ മന്ത്രിമാരോടൊപ്പം ഒരു ചിത്രമെടുക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അവിടെനിന്ന് അതിലും വലിയ സമ്മാനമാണു ലഭിച്ചത്. സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ് അദാലത്തിലൂടെ.
ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശിയായ ഖദീജ ബന്ധുക്കളുടെ സഹായത്തോടെയാണ് ജീവിക്കുന്നത്. പുന്നപ്ര സഹകരണ ആശുപത്രിക്ക് സമീപം ഇസ്മായില്‍ എന്നയാള്‍ ഇഷ്ടദാനമായി നല്കിയ 3 സെന്റില്‍ വീടു വയ്ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വീടു നല്കുമെന്നു മന്ത്രി ജി സുധാകരന് ഉറപ്പു നല്കി. പിന്നീട് മന്ത്രിമാരോടൊപ്പം ഫോട്ടൊയും എടുത്താണു ഖദീജ മടങ്ങിയത്.
കാന്‍സര്‍ രോഗിയായ ആലപ്പുഴ സ്വദേശിനി സീനിയയുടെ അപേക്ഷയില്‍ ഉടനടി തീര്‍പ്പുണ്ടായി. 4 വര്‍ഷമായി കാന്‍സര്‍ രോഗബാധിതായ സീനിയയ്ക്ക് ചികിത്സാ സഹായം തേടി ഭര്‍ത്താവ് സിബിയാണ് അപേക്ഷയുമായി അദാലത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധിയില്‍ നിന്ന് 25,000 രൂപ അനുവദിച്ചു. മന്ത്രി ജി സുധാകരന് തുക കൈമാറി.
2018ലാണ് സീനിയയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു മാസം മരുന്നുകള്‍ക്കു മാത്രം പതിനായിരത്തിലേറെ രൂപയാണ് ചെലവ്. രണ്ട് പെണ്മക്കളുണ്ട്. ഓട്ടോ തൊഴിലാളിയായ സിബിയുടെ തുച്ഛമായ വേതനത്തില്‍ കഴിഞ്ഞിരുന്ന കുടുംബം ചികിത്സ മൂലം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് അപേക്ഷയുമായി എത്തിയത്. വണ്ടാനം മെഡിക്കല്‍ കോളളേജിലാണ് സീനിയയുടെ ചികിത്സ.