മാവേലിക്കര: തന്റെ വിശ്വസ്തനെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവറാക്കാത്തതില് പ്രതിഷേധിച്ച് സൈക്കിളില്‍ നഗരസഭ ഓഫീസിലെത്തി മാവേലിക്കര നഗരസഭാ ചെയര്മാന് കെവി ശ്രീകുമാര്‍. നഗരസഭാ ചെയര്‍മാന്റെ ഔദ്യോഗിക വാഹനത്തിന് വിശ്വസ്തനായ ആളിനെ താല്‍ക്കാലിക ഡ്രൈവറായി നിയോഗിക്കാന്‍ കൗണ്‍സില്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നഗരസഭയുടെ വാഹനം വേണ്ടെന്ന് വെച്ച് സ്വന്തം സൈക്കിളില്‍ കെവി ശ്രീകുമാര്‍ നഗരസഭ ഓഫീസിലെത്തിയത്.
ഓഫീസിലെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ചെയര്മാന് ഇന്നലെ ചേര്‍ന്ന കൗണ്‍സിലില്‍ അറിയിച്ചിരുന്നു. യോഗത്തിന് ശേഷം ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ നഗരസഭാ സെക്രട്ടറിക്ക് തിരികെ നല്കിയ ചെയര്മാന് സുഹൃത്തിന്റെ സ്കൂട്ടറിലാണ് വീട്ടിലേക്ക് മടങ്ങിയത്.
ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പിഎസ്സി വഴിയുളള ഡ്രൈവറുടെ അഭാവത്തില്‍ നഗരസഭാ ചെയര്മാന് നിയോഗിച്ച ഡ്രൈവറെ അംഗീകരിക്കാന്‍ എഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല.
ഭൂരിപക്ഷത്തിന്റെ വിയോജിപ്പിനെ തുടര്‍ന്ന് ഡ്രൈവര്‍ നിയമനം എന്ന അജന്‍ഡ പാസാക്കുവാന്‍ കഴിഞ്ഞില്ല. നഗരസഭയില്‍ പിഎസ്സി നിയമനമായി രണ്ടും താല്‍ക്കാലികക്കാരായി നാലും ഡ്രൈവര്‍മാര്‍ ഉണ്ടെന്നും അതിനാല്‍ പുതുതായി ഒരാളെ താല്‍ക്കാലികമായി നിയമിക്കേണ്ടെന്നുമുളള നിലപാടാണ് എഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചത്.
തന്റെ വാഹനത്തിന് തനിക്കു വിശ്വസ്തനായ ആളിനെ നിയോഗിക്കുന്ന മുന്‍ ചെയര്മാന്മാരുടെ കീഴ്വഴക്കം താന്‍ തുടരുകയാണെന്നും അതിനു അനുവദിക്കണമെന്നും ചെയര്മാന് ശ്രീകുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാരെ പ്രതിനിധീകരിച്ച് സംസാരിച്ച അംഗങ്ങള്‍ അറിയിക്കുകയായിരുന്നു.