മല്ലപ്പള്ളി: പാസ്റ്റര്‍ ചമഞ്ഞെത്തി വീടും ജോലിയും വാഗ്ദാനം ചെയ്ത് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവല്ല കാവുംഭാഗം അടിയടതുചിറ പോസ്റ്റല്‍ ചാലക്കുഴി കൊച്ചുപറമ്പില്‍ ദാമോദരന്റെ മകന് സതീഷ് കുമാര്‍ (38)നെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
ആനിക്കാട്, നൂറോന്മാവ് പ്രദേശങ്ങളില്‍ നിന്നുമാണ് സതീഷ് വിവിധ ആളുകളുടെ കയ്യില്‍ നിന്നു വീട് വച്ച് നല്‍കാം എന്നും ജോലി വാഗ്ദാനം ചെയ്തും സ്വര്‍ണ്ണവും പണവും തട്ടിയെടുത്തത്. ആളുകളുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം വിവിധ പള്ളികളുടെ നേതൃത്വത്തില്‍ വീടു വച്ച് നല്‍കുന്നുണ്ടെന്നു പറഞ്ഞ് നൂറോന്മാവ് സ്വദേശിയില്‍ നിന്ന് ആദ്യം രജിസ്ട്രേഷന് ഫീസായി 4500 രൂപ വാങ്ങുകയും തുടര്‍ന്ന് പലപ്പോഴായി 2,31000 രൂപ തട്ടിയെടുക്കുകയും ചെയ്തു.
ഇതിനിടെ ഇയാള്‍ നൂറോന്മാവ് സ്വദേശിയുടെ സുഹൃത്തുക്കളില്‍ നിന്നുംമറ്റും ജോലി വാഗ്ദാനം ചെയ്തും വീട് വച്ച് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും 45,0000/- രൂപ കബളിപ്പിച്ചു കൈക്കലാക്കി. പല പള്ളികളുടെ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് ആളുകളെ വിശ്വസിപ്പിച്ചത്.
നാട്ടുകാര്‍ തടഞ്ഞുവച്ച പ്രതിയെ തിരുവല്ല ഡിവൈഎസ്പി രാജപ്പന് നിര്‍ദ്ദേശാനുസരണം കീഴ് വായ്പൂര് ഇന്‍സ്പെക്ടര്‍ സിടി സഞ്ജയുടെ നേതൃത്വത്തില്‍ എസ്ഐ സലിം, എഎസ്ഐ അജൂ, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രവീണ്‍, ശശികാന്ത് എന്നിവരുടെ സംഘമാണ് പിടികൂടയത്.
സതീഷ് നടത്തിയ മറ്റു തട്ടിപ്പുകളെക്കുറിച്ച് പോലീസ് കൂടുതലായി അന്വേഷണം നടത്തി വരുന്നു. പ്രതിയുടെ വീട് പരിശോധന നടത്തിയതില്‍ വ്യാജമായി ചമച്ച രജിസ്റ്ററുകളും പണമിടപാടു നടത്തിയ രേഖകളും പോലീസ് കണ്ടെടുത്തു. കൂടുതല്‍ പരാതി വരുന്നതിനു സാധ്യതയുള്ളതായി പോലീസ് പറയുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.