എടത്വ: പുതുവത്സരത്തിന് രുചിയേറാന്‍ താറാവിനെ വാങ്ങിക്കുന്നവര്‍ സൂക്ഷിക്കണം. വൈറസ് രോഗബാധയെ തുടര്‍ന്ന് കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചാകുന്നു. ഒരാഴ്ചയ്ക്കിടെ പതിനായിരത്തിലധികം താറാവുകള്‍ ചത്തതായി കര്‍ഷകര്‍ പറയുന്നു.
തലവടി വേഴപ്രത്ത് കെപി കുട്ടപ്പന്, പള്ളിപ്പാട് വാഴയ്യത്ത് തറ പുത്തന്‍ വീട്ടില്‍ കെ ശാമുവല്‍ എന്നിവരുടെ താറാവുകളാണ് കൂടുതലായി ചത്തത്. പക്ഷിപ്പനിക്കു സാധ്യതയില്ലെന്നും വൈറസ് രോഗബാധയാകാമെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ19ന് ആണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ചെറിയ പനിയെത്തുടര്‍ന്ന് കണ്ണ് നീല നിറത്തിലാകുന്നതാണ് ആദ്യ ലക്ഷണം. പിന്നീട് കണ്ണുകള്‍ പൊട്ടി ചോര വന്നു. കെ ശാമുവലിന്റെ ഒരുമാസം പ്രായമായ 8670 താറാവുകളില്‍ 7000 എണ്ണം ചത്തു.
തിരുവല്ല മഞ്ഞാടി പക്ഷി രോഗ നിര്‍ണയ കേന്ദ്രത്തിലെ പരിശോധനയ്ക്കു ശേഷം, ലിവര്‍ ടോണിക്കും വൈറ്റമിന്‍ സിയും നല്കാന് അധികൃതര്‍ നിര്‍ദേശിച്ചു. രോഗം കുറയാതെ വന്നതോടെ ചത്ത താറാവുകളെ വീണ്ടും പരിശോധനയ്ക്കെത്തിച്ചിട്ടുണ്ട്. ബ്ലഡ്സോലിവ് മരുന്ന് കൊടുക്കാന്‍ പറഞ്ഞു. മരുന്നു നല്‍കിയിട്ടും നിത്യേന നൂറുകണക്കിനു താറാവുകളാണ് ചാകുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നു വൈറസ് ബാധയ്ക്ക് സാധ്യതയുണ്ടെന്നും ഒരുമാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ വൈറസ് ബാധിച്ച് ചാകുന്നതു സാധാരണമാണെന്നും താറാവു കര്‍ഷക സംഘം ജില്ലാ സെക്രട്ടറി ബെന്‍സി പറഞ്ഞു. ഇപ്പോള്‍ ചത്ത താറാവുകളുടെ ജഡം തിരുവനന്തപുരം പാലോട് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ യഥാര്‍ഥ കാരണം അറിയാനാകൂ എന്ന് ഡോ കെഎം ദിലീപ് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ പറഞ്ഞു.
താറാവുകള്‍ക്ക് വൈറസ് ബാധിക്കുന്നത് സാധാരണമാണ്. ആന്റിബയോട്ടിക്കും വൈറ്റമിന്‍ ഗുളികയും മാത്രമാണ് നല്‍കാറുള്ളത്. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാതെ ശുദ്ധമായ സ്ഥലത്ത് പാര്‍പ്പിക്കുകയാണ് ഇതിന് വേണ്ടത്.