അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ബൈക്ക് റൈഡര്‍മാരുടെ അമിതവേഗം ചോദ്യം ചെയ്തതിന് യുവാവിന് മര്‍ദ്ദനം. മര്‍ദനത്തില്‍ യുവാവിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
ബൈക്ക് വേഗം കുറച്ച് ഓടിക്കാന്‍ പറഞ്ഞതിന് പുറക്കാട് പഞ്ചായത്ത് പത്താം വാര്‍ഡ് തോട്ടപ്പള്ളി പൊക്കണം പറമ്പില്‍ ബിജു(40)വിനാണ് എട്ടംഗ സംഘത്തിന്റെ മര്‍ദനമേറ്റത്. മര്‍ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന ബിജുവിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.
കായംകുളത്തു നിന്നെത്തിയ ബൈക്ക് റൈഡേഴ്സ് ടീമംഗങ്ങളായ യുവാക്കള്‍ ബിജുവിന്റെ വീടിനു സമീപത്തുകൂടി അമിത വേഗത്തില്‍ പോയത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കത്തിനു കാരണമാകുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നുവെന്ന് ബിജു അമ്പലപ്പുഴ സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പത്തോളം യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം കൊട്ടിയത്ത് ബൈക്കിന്റെ അമിതവേഗം ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നു. പിടിവലിക്കിടെ പ്രതികള്‍ക്കും പരിക്കേറ്റു. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കൊട്ടിയം പോലീസ് പിടികൂടി.
ഉമയനല്ലൂര്‍ വാഴവിള വീട്ടില്‍ ഷാജഹാന് (48 -ഷാജി), ഐക്യരഴികം വീട്ടില്‍ നവാസ് (47) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ പറക്കുളം ഓഡിറ്റോറിയത്തിനടുത്തായിരുന്നു സംഭവം.