ചെങ്ങന്നൂര്‍: വ്യാപാരസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. ഇത്തവണ സൈനികരെന്ന വ്യാജേന ഫോണ്‍ വിളിച്ചാണ് ഓണ്‍ലൈന്‍ ബാങ്കിങ് വഴി പണം തട്ടുന്നത്. വ്യാപാരസ്ഥാപനങ്ങളാണ് തട്ടിപ്പു സംഘങ്ങളുടെ ഉന്നം.
കഴിഞ്ഞ ദിവസം എംസി റോഡരികിലെ ഹോട്ടലില്‍ തട്ടിപ്പ് ശ്രമം നടന്നിരുന്നു. ഫോണില്‍ വിളിച്ച് 2350 രൂപയുടെ ഭക്ഷണവിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സംഘം സൈനികരെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ചെങ്ങന്നൂരിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നും കടയിലെത്തി ഭക്ഷണം വാങ്ങിക്കൊള്ളാമെന്നും പറഞ്ഞ ഇവര്‍ ഓണ്‍ലൈനായി ബില്‍ തുക അടയ്ക്കാം എന്നു ധരിപ്പിച്ച് ഹോട്ടലുടമയുടെ എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി.
ആദ്യം വിവരങ്ങള്‍ നല്കാന് ആദ്യം മടിച്ച ഉടമയോട് സൈനിക യൂണിഫോം ഇട്ടയാള്‍ വിഡിയോ കോള്‍ വഴി സംസാരിക്കുകയും. സൈനികരുടെ എടിഎം കാര്‍ഡിന്റെ മാതൃകയിലുള്ള കാര്‍ഡിന്റെ ഫോട്ടോയും അയച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഹോട്ടലുടമ കാര്‍ഡ് വിവരങ്ങള്‍ നല്കി.
ഉടമയില്‍ നിന്ന് ഒടിപി വാങ്ങിയെങ്കിലും അക്കൗണ്ടില്‍ പണം കുറവായതിനാല്‍ ഇടപാട് നടന്നില്ല. രണ്ടാമത് ഒടിപി ചോദിച്ചു വിളിച്ചപ്പോള്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന ബന്ധു ഇടപെട്ടാണു തട്ടിപ്പ് പൊളിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പ് റെക്സിന് കടയിലും ടയര്‍ കടയിലും സമാനരീതിയില്‍ സൈനികരെന്ന വ്യാജേന പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. പണം നഷ്ടപ്പെടാത്തതിനാല്‍ ഇവര്‍ പരാതി നല്‍കിയില്ല.
അതേസമയം, ടെലിഫോണ്‍, ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി രാജ്യാന്തര പോലീസ് സംഘടന ഇന്റര്‍പോളും മുന്നറിയിപ്പു നല്കുന്നു. കഴിഞ്ഞ വര്‍ഷം ഓപ്പറേഷന് ഫസ്റ്റ് ലൈറ്റ് എന്ന പേരില്‍ നടത്തിയ അന്വേഷണങ്ങളിലും റെയ്ഡിലും ഇരുപതിനായിരത്തിലധികം പേര് അറസ്റ്റിലായതായും 1100 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ തടഞ്ഞെന്നും വ്യക്തമാക്കി.
10380 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി 21549 പേരെ അറസ്റ്റ് ചെയ്തു. 310 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 2019മുതല്‍ തന്നെ ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നതായും മൂന്നു പര്‍പ്പിള്‍ നോട്ടിസുകള്‍ വിവിധരാജ്യങ്ങള്‍ക്ക് അയച്ചതായും ഇന്റര്‍പോള്‍ വ്യക്തമാക്കി.