അമ്പലപ്പുഴ: നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്നും പശുവിനെ മോഷ്ടിച്ച് കൊണ്ടു പോയി കശാപ്പു ചെയ്തു വിറ്റ കേസില്‍ മൂന്നു പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് പത്തില്‍ച്ചിറയില്‍ പിഎ കുഞ്ഞുമോന്റെ പശുവിനെയാണ് പ്രതികള്‍ പുറക്കാട് കൊണ്ടു പോയി കശാപ്പ് ചെയ്തു വിറ്റത്. 23ന് പുലര്‍ച്ചെയായിരുന്നു മോഷണം നടത്തിയത്.
ഒന്നാം പ്രതി കാക്കാഴം കമ്പിവളപ്പ് അനീഷ് (30), രണ്ടാം പ്രതി ആലപ്പുഴ വെള്ളക്കിണര്‍ തപാല്പ്പറമ്പില് കബീര്‍ (52), മൂന്നാം പ്രതി കാക്കാഴം പുതുവല്‍ ഹാരീസ് (35) എന്നിവരെയാണ് ഇന്നലെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. അനീഷിനു അറവുശാലയുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവര്‍ മൂന്നു പേര് ചേര്‍ന്നാണ് വീട്ടില്‍ നിന്നു പശുവിനെ മോഷ്ടിച്ചത്.
കേസിലെ മറ്റു പ്രതികളായ ആലപ്പുഴ നഗരസഭ വഴിച്ചേരി വാര്‍ഡ് ചാവടിപ്പറമ്പില്‍ നിന്നും നീര്‍ക്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന സിദ്ധിക് സാദിഖ് (24) കാക്കാഴം കമ്പിവളപ്പ് ദേവന് (29), കാക്കാഴം പുതുവല്‍ അന്‍സില്‍ (37) എന്നിവരെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, രണ്ട് മാസം മുന്‍പ് കുന്നംകുളം പഴുന്നാനയില്‍ നിന്ന് പശുവിനെ മോഷ്ടിച്ച് ഇറച്ചിയാക്കി വിറ്റയാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേച്ചേരി ചിറനെല്ലൂര്‍ വൈശ്യംവീട്ടില്‍ ഇബ്രാഹി (37) മിനെയാണ് എസ്എച്ച്ഒ കെജി സുരേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പഴുന്നാന കരിമ്പനക്കല്‍ മനോജിന്റെ വീട്ടില്‍ നിന്നാണ് ഇയാള്‍ പശുവിനെ മോഷ്ടിച്ചത്. ചിറനെല്ലൂര്‍ പാടത്തുവെച്ച് ഇതിനെ കശാപ്പുചെയ്ത് ഇറച്ചിയാക്കി. മുണ്ടൂരിലെ മാംസക്കച്ചവടക്കാരന് ഇറച്ചി വില്‍ക്കുകയായിരുന്നു.
മനോജിന്റെ വീട്ടിലെ തൊഴുത്തില്‍ മൂന്ന് പശുക്കള്‍ ഉണ്ടായിരുന്നു. പ്രസവിച്ച് അധികം ദിവസങ്ങളാകാത്ത കറവയുള്ള പശുവിനെയാണ് ഇവര്‍ മോഷ്ടിച്ചത്. മനോജും കൂട്ടുകാരും നടത്തിയ അന്വേഷണത്തില്‍ ചിറനെല്ലൂര്‍ പാടത്ത് മാംസാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് മോഷണം പോയ പശുവിന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു.