പത്തനംതിട്ട: വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് ആദ്യ പാമ്പുപിടത്തത്തിനിറങ്ങിയ വാവ സുരേഷിന്റെ വലയില്‍ വീണ് രാജവെമ്പാല. പത്തനംതിട്ടയിലലെ കോന്നി മണ്ണീറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ രാജവെമ്പാലയെ ആണ് വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് വാവ സുരേഷ് പിടിച്ചത്.
വാവ സുരേഷ് സേഫ്റ്റി ബാഗും, ഹുക്കും ഉപയോഗിച്ചാണ് രാജവെമ്പാലയെ പിടിച്ചത്. അടുത്തിടെ പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് വാവ സുരേഷ് ഗുരുതരാവസ്ഥയിലായി ചികിത്സയിലായിരുന്നു. അത്ഭുതകരമായാണ് അദ്ദേഹം അന്ന് രക്ഷപ്പെട്ടത്.
also read: കെഎസ്ആര്‍ടിസിയുടെ കട്ട ഫാന്‍സ്, വിവാഹത്തിന് ഓട്ടം വിളിച്ച് വധുവിന്റെ ബന്ധുക്കള്‍
വനംവകുപ്പ് നിയമങ്ങള്‍ ഉപയോഗിച്ചല്ല വാവ സുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നിയമങ്ങള്‍ പാലിച്ച് പാമ്പിനെ പിടിക്കാന്‍ വാവ സുരേഷ് തയ്യാറിയാരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നിയമങ്ങള്‍ പാലിച്ച് വാവ സുരേഷ് പാമ്പ് പിടിത്തത്തിന് ഇറങ്ങിയത്.
ജനവാസമേഖലയില്‍ പാമ്പിനെ കണ്ട വിവരം വാവ സുരേഷിനെയും കോന്നിയിലെ വനംവകുപ്പ് സ്ട്രൈക്കിങ് ഫോഴ്സിനെയും നാട്ടുകാര്‍ അറിയിക്കുകയായിരുന്നു. ചിറ്റാറിലുണ്ടായിരുന്ന വാവ സുരേഷ് ആദ്യം സ്ഥലത്തെത്തി. എന്നാല്‍ വനംവകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ വനപാലകര്‍ക്കായി സുരേഷ് കാത്തുനിന്നു. തൊട്ടുപുറകെ വനപാലകരും വന്നു. സെക്ഷന്‍ഫോറസ്റ്റ് ഓഫീസര്‍ ബിനീഷിനൊപ്പം ചേര്‍ന്നാണ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പാമ്പിനെ പിടിച്ചത്.