കൊല്ലം: ലെയ്സിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ മര്‍ദ്ദിച്ച ഒരാള്‍ അറസ്റ്റില്‍. കൊല്ലത്താണ് നടുക്കുന്ന സംഭവം. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരവിപുരം സ്വദേശി നീലകണ്ഠനാണ് മര്‍ദനമേറ്റത്.
അക്രമണത്തില്‍ പങ്കാളികളായ മൂന്ന് പേര് ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് സംഘം നീലകണ്ഠനെ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ പൊട്ടറ്റോ ചിപ്പ്സ് നല്‍കാത്തതിനാണ് തന്നെ കൈയ്യേറ്റം ചെയ്തതെന്നാണ് നീലകണ്ഠന് പറയുന്നത്. കടയില്‍ നിന്നും ലെയ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തില്‍ ഒരാള്‍ ഇത് ചോദിച്ചെങ്കിലും കൊടുക്കാന്‍ വിസ്സമ്മതിച്ചു.
ഇതോടെ സംഘം തന്നെ മര്‍ദിക്കുകയായിരുന്നെന്നാണ് നീലകണ്ഠന്റെ പരാതി. തെങ്ങിന് തോപ്പിലേക്ക് വലിച്ചിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്ന് നീലകണ്ഠന് പറയുന്നു. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പരിക്കേറ്റ നീലകണ്ഠന് ആശുപത്രിയില്‍ ചികിത്സയിലാണ്.