കൊല്ലം: ഒരു പെട്രോള്‍ പമ്പില്‍ രണ്ടുതവണ മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയില്‍. ആലപ്പുഴ അമ്പലപ്പുഴ കാഞ്ഞിരം മുറിയില്‍ ബംഗ്ലാവ് പറമ്പില്‍ ഷെറീഫ്(61), ചങ്ങനാശേരി വാഴപ്പള്ളി ചാമപ്പറമ്പില്‍ അബ്ദുല്‍ ലത്തീഫ്(74), അമ്പലപ്പുഴ കുന്നത്തറയില്‍ കണ്ണമ്പള്ളി വെളിയിലില് വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍ (62) എന്നിവരാണ് മൂന്നംഗ സംഘം.
പോക്കറ്റടിക്കാരാണ് മൂന്ന് പേരും. പല കേസുകളില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോഴാണ് ഇവര്‍ സുഹൃത്തുകളായത്. രണ്ട് മാസം മുമ്പ് മോഷണം നടത്തിയ അതേ പമ്പില്‍ തന്നെ വീണ്ടും മോഷണം നടത്താനെത്തിയപ്പോഴാണ് പിടിവീണത്. അഞ്ചാലുംമൂട് പോസ്റ്റ് ഓഫീസിന് സമീപത്തെ മിലന് പെട്രോള്‍ പമ്പിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ജീവനക്കാര്‍ കുപ്പിയില്‍ പെട്രോള്‍ നല്കുന്നതിനിടയില് അവരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. രണ്ട് പേര് ചേര്‍ന്ന് ജീവനക്കാരുടെ ശ്രദ്ധ മാറ്റുന്നതിനിടെ മൂന്നാമന് മോഷണം നടത്തുകയാണ് ചെയ്യുന്നത്. മോഷ്ടിക്കുന്ന പണം പങ്കിട്ടെടുക്കുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറയുന്നു.