പത്തനംതിട്ട: പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടില്‍ സിന്‍സി പി അസീസ്(35) ആണ് മരിച്ചത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് വിവരം.
സിന്‍സിയുടെ സ്കൂട്ടറിനെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പന്തളം-ആറന്മുള റോഡില്‍ കുറിയാനപ്പള്ളിയില് ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സിന്‍സി റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ സിന്‍സിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാല്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ കിടന്ന സിന്‍സിയെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനല് നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഒരുപാട് രക്തം നഷ്ടമായിരുന്നു.