മൂവാറ്റുപുഴ: കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി കുത്തിയൊഴുകുന്ന കോതയാറിലേക്കു വീണ് 2 കിലോമീറ്ററോളം ഒഴുകിപ്പോയ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി. കിഴക്കേക്കര കാനം കവലയില്‍ കൊച്ചുവീട്ടില്‍ ഷാജഹാന്റെ ഭാര്യ ലൈലയാണ് (38) ഒഴുക്കില്‍പ്പെട്ടത്.
ഒഴുകിപ്പോകുന്നതിനിടെ കയ്യില്‍ തടഞ്ഞ കുറെ പുല്നാമ്പുകളില് പിടിച്ച് ഒരു മണിക്കൂറോളം കിടന്ന ലൈലയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ കിഴക്കേക്കര രണ്ടാര്‍ ശിവക്ഷേത്രത്തിനു സമീപമുള്ള കടവിലാണ് അപകടം.
അതിശക്തമായ മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതിയ ലൈല ഒഴുക്കില്‍ പെടുകയായിരുന്നു. നീന്തല്‍ അറിയാമായിരുന്നിട്ടും ഒഴുക്കു കാരണം കരയിലേക്കു കയറാന്‍ കഴിഞ്ഞില്ല.
ഒഴുകി ചാലിക്കടവിനു സമീപം എത്തിയപ്പോള്‍ നിലവിളി കേട്ട് നോക്കിയ നാട്ടുകാരാണ് ലൈലയെ കണ്ട് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും 2 കിലോമീറ്ററോളം ഒഴുകി മാര്‍ക്കറ്റ് തൊണ്ടിക്കടവിനു സമീപം എത്തിയിരുന്നു.
ഇവിടെ പുഴയില്‍ വളര്‍ന്നു നില്ക്കുന്ന പുല്ലില്‍ പിടിച്ചു കിടന്ന ലൈലയുടെ അടുത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പേഴേക്കും യുവതി അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.